41 ദിവസത്തെ ശബരിമല മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ നടക്കും. പുലർച്ചെ മൂന്നിന് നട തുറന്നു. അഭിഷേകവും പതിവ് പൂജകളും നടക്കും. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഇടയിലുള്ള മൂഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ. പൂജയ്ക്ക് ശേഷം ഡിസംബര്‍ 27ന് അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്. മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പോലീസും ദേവസ്വം ബോര്‍ഡും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വെര്‍ച്വല്‍ ക്യൂ മുഖേന 80,369 പേരാണ് തിങ്കളാഴ്ച ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും സന്നിധാനത്ത് തന്നെ തങ്ങാനിടയുണ്ട്. അതുകൊണ്ട് തന്നെ മണ്ഡല പൂജയോടനുബന്ധിച്ച് വന്‍ ജനത്തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന ഉച്ചയ്ക്ക് 12.30നും 1 മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് പൂജ.
അതേ സമയം ശബരിമലയിൽ ഇത്തവണ ഇതുവരെ 222.98 കോടി രൂപ നട വരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തു വിട്ട കണക്ക് വ്യക്തമാക്കുന്നു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 29,08,500 തീർഥാടകർ എത്തിയതിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നു.
തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്നലെ സന്നിധാനത്തെത്തിയിരുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്രയാണ് വൈകുന്നേരത്തോടെ സന്നിധാനത്തെത്തിയത്. പെരുന്നാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും ളാഹ സത്രവും പ്ലാപ്പള്ളിയും നിലയ്ക്കലും പിന്നിട്ട് ഉച്ചയോടെയാണ് ഘോഷയാത്ര പമ്പയിലെത്തിയത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ തങ്കയങ്കി ശബരിമല സന്നിധാനത്ത് കൊണ്ടുവരികയുള്ളൂ.
പമ്പയിലെ വിശ്രമത്തിന് ശേഷം മൂന്ന് മണിയോടെ ശരംകുത്തിയിലെത്തിയ യാത്രയ്ക്ക് തന്ത്രിയുടെ പ്രതിനിധികള്‍ ചേര്‍ന്ന് ആചാരപരമായ സ്വീകരണം നല്‍കിയിരുന്നു. തങ്കയങ്കിയും വഹിച്ച് മൂന്ന് ദിവസത്തെ പ്രയാണം പൂര്‍ത്തിയാക്കിയെത്തിയവരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനും ചേര്‍ന്നാണ് പതിനെട്ടാം പടിയില്‍ സ്വീകരിച്ചത്. തുടര്‍ന്ന് 6.30 ന് തങ്കയങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധനയും പ്രസാദം വിതരണവും നടന്നു. ദീപാരാധനയ്ക്ക് ശേഷം ഭക്തര്‍ക്ക് തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം ദര്‍ശിക്കാനും അവസരമുണ്ടായിരുന്നു.