ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. ഹരിപ്പാട് ആലപ്പുഴ സൗത്ത് നോര്‍ത്ത് കമ്മിറ്റികള്‍ അടക്കം മൂന്ന് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. പി പി ചിത്തരഞ്ജന്‍ അടക്കം 30 ജില്ലാ നേതാക്കള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ നോട്ടീസ് കൊടുത്തത്. അതില്‍ പത്ത് പേരുടെ വിശദീകരണം അംഗീകരിച്ചു. ബാക്കി 25 പേര്‍ക്കെതിരേയാണ് പാര്‍ട്ടി നടപടിയെടുത്തത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്തെ വിഭാഗീയതയിലാണ് നടപടി.
25 പേരില്‍ ഒരാളെ പുറത്താക്കി നിലവില്‍ സസ്‌പെന്‍ഷനിലായിട്ടുള്ള ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവും ആലപ്പുഴ നഗരസഭ അംഗവും കരുനാഗപള്ളി ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എ ഷാനവാസിനെ പുറത്താക്കി. ബാക്കി 24 പേര്‍ക്കെതിരെയാണ് അച്ചടക്ക നടപടിയുണ്ടായിട്ടുള്ളത്.
ഇതില്‍ പ്രധാനപ്പെട്ട രണ്ട് പേര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിപി ചിത്തരഞ്ജൻ എംഎല്‍എ, എ സത്യപാലന്‍ എന്നിവരാണ്. ഈ രണ്ട് പേരേയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
പിരിച്ചുവിട്ട കമ്മിറ്റികള്‍ക്ക് പകരം ആലപ്പുഴ എന്ന ഒറ്റക്കമ്മിറ്റിയാക്കി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ആറ് മാസത്തോളം അഡ്‌ഹോക് കമ്മിറ്റികള്‍ തുടരും. അതിന്റെ ഏരിയാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്ര ബാബുവിനെ പാര്‍ട്ടി നിയോഗിച്ചു. ഹരിപ്പാട് നിലവിലെ ഏരിയാ സെക്രട്ടറിയെ മാറ്റി കെ എച്ച് ബാബു ജാനെ നിയമിച്ചു.