കോവിഡിനു ശേഷം കുട്ടനാട്ടിലെ വിനോദസഞ്ചാരം വീണ്ടും സജീവമാകുകയാണ്. കായല്‍ സൗന്ദര്യം ആസ്വദിക്കാനും കുട്ടനാടിന്റെ രുചി നുകരാനും പച്ചപുതച്ച നെല്‍വയലുകളുടെ ഭംഗി നേരിട്ടു കാണാനും ധാരാളം വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ആലപ്പുഴയിലെ നെഹ്‌റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്നും പള്ളാതുരുത്തിയിലെ പമ്പയാറിന്റെ കരയിലെ ഹൗസ്‌ബോട്ട് ടെര്‍മിനലില്‍ നിന്നുമൊക്കെയാണ് ആലപ്പുഴയിലെ ഹൗസ്‌ബോട്ട് യാത്രകള്‍ ആരംഭിക്കുന്നത്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നുണ്ടെങ്കിലും വിദേശ വിനോദസഞ്ചാരികള്‍ കോവിഡിനുശേഷം എത്തുന്നില്ലെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് ധാരാളമാളുകള്‍ എത്താറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ദക്ഷിണേന്ത്യക്കാരാണ് അധികവും എത്തുന്നത്.
ആലപ്പുഴ ബീച്ചും കുട്ടനാട്ടിലെ നെല്‍പാടങ്ങളും കായല്‍സൗന്ദര്യവും ആസ്വദിച്ചു മടങ്ങുന്നവരുടെ നാവില്‍ ഇവിടത്തെ വിഭവങ്ങളൊരുക്കിയ രുചിയും ഉണ്ടാകും. യോഗങ്ങള്‍ നടത്താന്‍ സാധിക്കുന്ന ഇരുനില ബോട്ടുകളും പഴയ കെട്ടുവള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന ചെറുഹൗസ്‌ബോട്ടുകളുമെല്ലാം സഞ്ചാരികളുടെ മനം കവരുന്നവയാണ്. പഴയ കെട്ടുവള്ളങ്ങളുടെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന ഹൗസ്‌ബോട്ടുകളിലെ അടുക്കളകളില്‍ തന്നെയാണ് യാത്രക്കാര്‍ക്കുള്ള ഭക്ഷണമുണ്ടാക്കുന്നത്. ഭക്ഷണമുള്‍പ്പെടെയാണ് ഹൗസ്‌ബോട്ട് നിരക്ക്. ശീതീകരിച്ച മുറികളും കോണ്‍ഫറന്‍സ് ഹാളുകളും ഒക്കെയുള്ള ഹൗസ്‌ബോട്ടുകളില്‍ കായല്‍കാഴ്ചകള്‍ ആസ്വദിക്കുന്നത് ഒരു രസം തന്നെയാണ്.