KERALA

കോടതി വിധിക്ക് എന്താണ് വില? ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം, ജയിൽ സുപ്രണ്ടിന്റെ കത്ത് പുറത്ത്

വെബ് ഡെസ്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനുള്ള പട്ടികയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും. ശിക്ഷായിളവ് സംബന്ധിച്ചു പോലീസിനോട് പ്രതികളുടെ റിപ്പോര്‍ട്ടാവശ്യപ്പെട്ടുകൊണ്ടുള്ള കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്തിലാണ് ടി പി വധക്കേസിലെ നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരുടെ പേരുകളുളളത്. ജയില്‍ ഉപദേശകസമിതിയാണ് പ്രതികളുടെ പട്ടിക തയ്യാറാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണു ജയില്‍ സൂപ്രണ്ട് പോലീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഹൈക്കോടതി വിധിയെ മറികടക്കുന്നതാണെന്നാണ് ഉയരുന്ന പ്രധാന നിരീക്ഷണം. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണു വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നതാണ് ഉത്തരവിനെ വിവാദത്തിലാക്കുന്നത്. പ്രതികളുടെ അപ്പീല്‍ തള്ളിക്കൊണ്ട് ശിക്ഷ വര്‍ധിപ്പിച്ച ഹൈക്കോടതി 20 വര്‍ഷം വരെ പ്രതികള്‍ക്കു ശിക്ഷായിളവ് പാടില്ലെന്നും വിധിച്ചിരുന്നു.

പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ പ്രതികള്‍ക്ക് പുറത്തിറങ്ങാം. ജൂണ്‍ 13ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കയച്ച കത്തിലാണ് ടി പി കേസിലെ മൂന്ന് പ്രതികളുടെയും പേര് നല്‍കിയത്.

''സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്‌പെഷല്‍ റെമിഷന്‍ അനുവദിക്കുന്നതിനായി പ്രസ്തുത തടവുകാരുടെ പോലീസ്/ പ്രൊബേഷന്‍ റിപ്പോര്‍ട്ടുകള്‍ സഹിതം ഫയലുകള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതിനായി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ആയതിനാല്‍ താഴെ സൂചിപ്പിച്ചിട്ടുള്ള തടവുകാര്‍ക്ക് സ്‌പെഷല്‍ റെമിഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍, അയല്‍വാസികള്‍, കുറ്റകൃത്യത്തിന് ഇരയായവര്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്നുള്ള പ്രതികരണമുള്‍പ്പെടെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ബഹു.സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതിനായി ഈ ഓഫീസിലേക്ക് വളരെ അടിയന്തിരമായി അനുവദിച്ചുതരുന്നതിന് താല്‍പ്പര്യപ്പെടുന്നു. തടവുകാരുടെ നാമവിവര പത്രികകളും, സൂചനയിലെ ബഹു.സര്‍ക്കാര്‍ ഉത്തരവും ഇതോടൊപ്പം ഉള്ളടക്കം ചെയ്ത് സമര്‍പ്പിച്ചു കൊള്ളുന്നു,'' എന്ന് കത്തില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നുള്ള ജയില്‍ തടവുകാരുടെ പേരും മേല്‍വിലാസവും അടങ്ങിയ പട്ടികയിലാണ് ടിപിക്കേസ് പ്രതികളുടെയും പേരുകള്‍ അടങ്ങിയിരിക്കുന്നത്.

അടുത്തിടെ, സം ടിപി കേസ് പ്രതികളായ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്ക് പരോളും അനുവദിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്.

ടി പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് കെ കെ രമ എംഎല്‍എ പ്രതികരിച്ചു. കോടതി തീരുമാനത്തിന് സർക്കാർ പുല്ലു വിലയാണ് കൽപ്പിക്കുന്നത് എന്നതിന് തെളിവാണ് ഇപ്പോഴത്തെ നടപടിയെന്നും കെ കെ രമ മാധ്യമങ്ങളോട് പ്രതികരിച്ചു. 'പ്രതികൾക്ക് ശിക്ഷാഇളവ് നൽകരുതെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ മറികടക്കുന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി. കോടതിവിധികൾ പോലും ഞങ്ങൾക്ക് പുല്ലുവിലയാണ് എന്നാണ് ഇതിലൂടെ സർക്കാർ പറയുന്നത്.ടിപികേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം നടന്നിരുന്നെന്നും രമ കുറ്റപ്പെടുത്തി. അധികാരവും നിയമവും ഭരണവും കൈയിലുള്ളവർക്ക് എന്തും ചെയ്യാമെന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. പ്രതികൾക്കായാണ് സർക്കാർ നിലകൊള്ളുന്നതെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് എന്നും കെ കെ രമ പറയുന്നു.

ഫെബ്രുവരിയിലാണ് ടിപിക്കേസ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയര്‍ത്തിയത്. ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശിക്ഷയിലും പിഴയിലും വര്‍ധന വരുത്തുകയായിരുന്നു. ഏഴരലക്ഷം രൂപ കെ കെ രമയ്ക്കും അഞ്ചു ലക്ഷം രൂപ മകനും നല്‍കണമെന്നും ഹൈക്കോടതി വിധിക്കുകയായിരുന്നു.

ടി പി കേസിലെ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി ശരിവെച്ചത്. പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

സിപിഎം വിട്ട് ആര്‍എംപി എന്ന പാര്‍ട്ടി രൂപീകരിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആര്‍എംപിയെന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയതിലുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?