KERALA

'കോടതിമുറിക്കുള്ളിലെ അവഹേളനം വിഷമിപ്പിച്ചു'; ഗവ. പ്ലീഡറിന്റെ അധിക്ഷേപ പരാമർശത്തിൽ ജസ്റ്റിസിന് പരാതി നൽകി പദ്മ ലക്ഷ്മി

ഹൈക്കോടതിയിൽ ഒരു കേസ് എടുക്കുന്ന കാര്യം പറയുന്നതിനിടെ "ആ ഒമ്പതിന്റെ കേസല്ലേ? എന്ന് സർക്കാർ പ്ലീഡർ ചോദിച്ചുവെന്ന് പദ്മ ആരോപിക്കുന്നു

കെ ആർ ധന്യ

കോടതിക്കുള്ളിൽ വച്ച് ഗവണ്മെന്റ് പ്ളീഡർ തനിക്കെതിരെ നടത്തിയ അധിക്ഷേപം വളരെയധികം വിഷമിപ്പിച്ചുവെന്ന് കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ അഭിഭാഷകയായ പദ്മ ലക്ഷ്മി. ഹൈക്കോടതിയിൽ ഒരു കേസ് എടുക്കുന്ന കാര്യം പറയുന്നതിനിടെ "ആ ഒമ്പതിന്റെ കേസല്ലേ? എന്ന് സർക്കാർ പ്ലീഡർ ചോദിച്ചുവെന്ന് പദ്മ ആരോപിക്കുന്നു. അത് തനിക്കുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പദ്മ ലക്ഷ്മി ദ ഫോർത്തിനോട് സംസാരിക്കുന്നു. ഈ വിഷയത്തിൽ ജസിറ്റിസിന് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് പദ്മ.

കോടതിക്കുള്ളിൽ ഇത്തരമൊരു ഭാഷ എന്നോട് തന്നെ പറഞ്ഞ് കേൾക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല
പദ്മ ലക്ഷ്മി

"ആ ഒമ്പതിന്റെ കേസല്ലേ?' എന്നാണ് അവർ ചോദിച്ചത്. ഒരു കേസ് എടുക്കുന്ന കാര്യം ഞാൻ സംസാരിച്ചപ്പോഴാണ് ഒരു ഗവ.പ്ലീഡർ ഇങ്ങനെ ചോദിക്കുന്നത്. ഒരുപക്ഷേ അവർക്ക് ഞാൻ തന്നെയാണ് ചോദിക്കുന്നതെന്ന് മനസ്സിലായിട്ടുണ്ടാവില്ല. ആ ചോദ്യം എത്രത്തോളം എന്നെ വിഷമിപ്പിക്കുന്നതാണ്."

"ഞാൻ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ കേൾക്കുന്നതാണ് നേരിട്ടും അല്ലാതെയുമുള്ള അധിക്ഷേപങ്ങളും പരിഹാസങ്ങളും. ഒരു ഓഫീസ് കിട്ടാൻ തന്നെ ഏറെ ബുദ്ധിമുട്ടി. ഞാൻ പോയ ഓഫീസുകളിലെല്ലാം പല തരത്തിൽ അവഗണനകളായിരുന്നു. ഒരു കേസും എന്നെ ഏൽപ്പിക്കില്ല. പിന്നീട് ആരുടേയും കീഴിലല്ലാതെ സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി."

"ട്രാൻസ്ജൻഡേഴ്‌സിനൊക്കെ സെക്‌സ് ചെയ്യാൻ മാത്രമേ കഴിയൂ. ഈ പണിക്കൊന്നും കൊള്ളില്ല. അത് അവിടെ ഇരുന്നോളും. നമ്മൾ ശ്രദ്ധിക്കാതെ ആവുമ്പോൾ പണി നിർത്തി പൊയ്‌ക്കോളും എന്നൊക്കെ ഒരു ഓഫീസിലുള്ളവർ എന്നെക്കുറിച്ച് പറയുന്നത് കേട്ടതാണ്. അവൾ എന്ന് പോലും പറയാതെ അത് എന്നാണ് അവർ എന്നെക്കുറിച്ച് പറയുന്നത്. എങ്കിലും ഇതിലൊന്നും പ്രതികരിക്കാതെ മാറിപ്പോവുകയായിരുന്നു ഞാൻ. എന്നാൽ കോടതിക്കുള്ളിൽ ഇത്തരമൊരു ഭാഷ എന്നോട് തന്നെ പറഞ്ഞ് കേൾക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല." -പദ്മ പറയുന്നു.

ഇപ്പോഴും മാറാത്ത ചിലരാണ് തന്നെ പരിഹസിക്കുന്നതെന്നും പദ്മ പറയുന്നു. അതേസമയം മാന്യതയോടെയും സ്‌നേഹത്തോടെയും പെരുമാറുന്ന സീനിയർ അഭിഭാഷകരും ഉണ്ടെന്നും പദ്മ കൂട്ടിച്ചേർത്തു. പരാതി തിങ്കളാഴ്ച പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് പദ്മ. ഈ വർഷം ആദ്യമാണ് പദ്മ ലക്ഷ്മി അഭിഭാഷക പട്ടം നേടി ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം