സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുവദിച്ച ആര്‍ത്തവാനുകൂല്യത്തിന് ട്രാന്‍സ്ജെന്‍ഡേഴ്സിനേയും പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പരീക്ഷയെഴുതാനാവശ്യമായ ഹാജര്‍നില 75 ശതമാനത്തില്‍ നിന്ന് 73 ശതമാനമാക്കി മാറ്റിയത് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം ഡോ. പി റഷീദ് അഹമ്മദ് വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്ത് നല്‍കി. മറ്റ് നിരവധി നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നുണ്ട്.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ 75 ശതമാനത്തില്‍ കുറവ് ഹാജര്‍ നിലയുള്ളവരായി വളരെ കുറവ് വിദ്യാര്‍ഥിനികള്‍ മാത്രമെ ഉണ്ടാകാറുള്ളൂ. അതിനാല്‍ ഹാജര്‍ നിലയ്ക്ക് അനുസരിച്ച് നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കിലും ഇതേ മാനദണ്ഡം നടപ്പാക്കിയാല്‍ മാത്രമെ ഗുണകരമാകൂവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണത്തിന്: 75 %- 80% വരെ ഹാജര്‍ നിലയ്ക്ക് ഒരുമാര്‍ക്ക് എന്നതിന് പകരം 73%- 78% ഒരു മാര്‍ക്ക് എന്നാക്കുക. 80% - 85% ഹാജര്‍നിലയ്ക്ക് രണ്ട് മാര്‍ക്ക് എന്നതിന് പകരം 78% - 83% വരെ രണ്ട് മാര്‍ക്ക് എന്നാക്കുക.
സ്ത്രീകള്‍ക്കെന്ന പോലെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍ എന്ന നിലയില്‍ കുറഞ്ഞ ഹാജര്‍ നിലയിലും ഇന്റേണല്‍ മാര്‍ക്കിനുള്ള ഹാജര്‍ നിലയിലും രണ്ട് ശതമാനം കുറവ് നല്‍കണം. അതുവഴി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ലഭിക്കും. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് ശാസ്ത്രീയമോ, ലിംഗ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതോ അല്ലെന്നും ഗുണം വളരെ തുച്ഛമായി പരിമിതപ്പെടുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ഉത്തരവിലെ ആര്‍ത്താവവധി എന്ന പ്രയോഗം അവ്യക്തമാണെന്നും വ്യക്തമാക്കുന്നു. മാസത്തില്‍ എത്ര ദിവസമാണ് അവധിയെന്നോ അത് അനുവദിച്ച് കിട്ടാനുള്ള നടപടിക്രമമോ ഉത്തരവിലില്ലെന്നാണ് കാരണമായി പറയുന്നത്. ആര്‍ത്തവ ആക്ടിവിസത്തിന്റെ കൊട്ടിഘോഷത്തിനപ്പുറം വിഷയത്തെ വിശാലവും ശാസ്ത്രീയവുമായി കണ്ട് ഉത്തരവിറക്കണമെന്നും കത്തില്‍ പറയുന്നു.
ആര്‍ത്താവാനുകൂല്യം എന്ന് പേര് നല്‍കേണ്ടതില്ല. കാരണം, എല്ലാ വിദ്യാര്‍ത്ഥിനികളും ആര്‍ത്തവമുള്ളവരാവണമെന്നില്ല. കൂടാതെ, ട്രാന്‍സ് മെനസ്‌ട്രുവേറ്റേഴ്സ് ഇതില്‍ ഉള്‍പ്പെടാതെയും പോകും. ആര്‍ത്തവം ഹാജര്‍ നില കുറയാന്‍ കാരണമായി എന്ന സാക്ഷ്യപത്രമോ/ സത്യവാങ്മൂലമോ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ല. സ്ത്രീയെന്നാല്‍ ആര്‍ത്തവ ബന്ധിതം എന്ന തെറ്റായ പരികല്‍പ്പന സൃഷ്ടിക്കപ്പെടും. എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും കത്തിലുണ്ട്.
ജനുവരി 30 ചേരുന്ന കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യം.