ട്രാൻസ്‌മാനും മുൻ മിസ്റ്റർ കേരളയുമായ പ്രവീണ്‍ നാഥിനെ മരിച്ച നിലയില്‍ കണ്ടെത്തി. മിസ്റ്റര്‍ കേരള ട്രാന്‍സ്മാന്‍ എന്ന നിലയില്‍ സുപരിചിതനാണ് പ്രവീണ്‍. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. മൃതദേഹം തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് നെന്മാറയാണ് പ്രവീണിന്റെ സ്വദേശം.
ട്രാൻസ്‌വുമൺ റിഷാന ഐശുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് പ്രവീണിനെ മാനസികമായി ബുദ്ധിമുട്ടിലാക്കിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. റിഷാനയുമായുണ്ടായ പിണക്കത്തിൽ പ്രവീൺ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റായിരുന്നു വാർത്തയ്ക്ക് കാരണം. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്നും മാനസിക വിഷമത്തിലിരിക്കുമ്പോഴാണ് അങ്ങനെയൊരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചതെന്നും പ്രവീണ്‍ അറിയിച്ചിരുന്നു. വിവാഹ മോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും പ്രവീൺ പ്രതികരിച്ചിരുന്നു.
ഇനിയും അത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എഴുതിയ മറ്റൊരു കുറിപ്പും അതിനോടൊപ്പം പങ്കുവച്ചു. ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് പ്രവീണും റിഷാനയും ഒന്നിച്ചത്. ഇരുവരുടെയും വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. രണ്ട് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവില്‍ ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.