കണ്ണൂർ ചെങ്ങളയിയിൽ വീണ്ടും നിധി കണ്ടെത്തി. ഇന്നലെ തൊഴിലുറപ്പ് തൊഴിലാളികൾ നിധി കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് കൂടുതൽ നിധി കണ്ടെത്തിയത്. മൂന്നുവെള്ളി നാണയവും ഒരു സ്വര്‍ണമുത്തുമാണ് ഇന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ആണ് നിധി കണ്ടെത്തിയത്.
പരിപ്പായി ഗവൺമെന്‍റ് എൽപി സ്കൂളിനടുത്ത് ഉള്ള സ്ഥലത്ത് നിന്നാണ് ഇന്നലെ നിധി കണ്ടത്തിയത്. മഴക്കുഴി എടുത്തുകൊണ്ടിരിക്കെയാണ് 18 തൊഴിലാളികൾക്ക് നിധി ലഭിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയുണ്ടായിരുന്ന പാത്രം ആദ്യം ബോംബാണെണെന്നാണ് തൊഴിലാളികൾ കരുതിയത്. മണ്ണിൽ കുഴിച്ചിട്ടിരുന്ന പാത്രം എടുത്ത് എറിഞ്ഞപ്പോഴാണ് നിധിയാണെന്ന് തിരിച്ചറിഞ്ഞത്. മുക്കാല്‍ അടി താഴ്ചയില്‍ കുഴിച്ചപ്പോള്‍ തന്നെ നിധി കണ്ടെത്തിയിരുന്നു.
17 മുത്തുമണികൾ,13 സ്വർണപതക്കങ്ങൾ,കാശി മാലയുടെ നാല് പതക്കങ്ങൾ,ഒരു സെറ്റ് കമ്മൽ,വെള്ളിനാണയങ്ങൾ എന്നിവയാണ് പാത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ലഭിച്ച വസ്‌തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇവ സ്വർണ്ണം പൂശിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. നിലവിൽ വസ്‌തുക്കൾ പുരാവസ്‌തു വകുപ്പ് പരിശോധിക്കുന്നുണ്ട്.
നിധിയിലെ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ വസ്തുക്കൾ പരിശോധിച്ച് പഴക്കം കണ്ടുപിടിക്കാമെന്നാണ് പുരാവസ്തു വകുപ്പ് കരുതുന്നത്. ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയിരിക്കുന്ന പാത്രത്തിന്.
ആഭരണങ്ങളും പണവും പണ്ട് ഇത്തരം പാത്രങ്ങളിൽ സൂക്ഷിച്ചിരുന്നു. പഴയ കാലത്ത് ആഭരണങ്ങളും പണവും മോഷണം പോകാതിരിക്കാൻ ഇത്തരം ഭണ്ഡാരങ്ങളിൽ സൂക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള ഭണ്ഡാരങ്ങളിലൊന്നാകാം ഇതെന്നും നിഗമനമുണ്ട്. ഉടൻ തന്നെ പഞ്ചായത്തിനെ വിവരം അറിയിക്കുകയും പോലീസ് എത്തി നിധി ഏറ്റുവാങ്ങുകയും ചെയ്തു. ഉടൻ തന്നെ പഞ്ചായത്തിനെ വിവരം അറിയിക്കുകയും പോലീസ് എത്തി നിധി ഏറ്റുവാങ്ങുകയും ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധി ലഭിച്ചത്.