മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കരുതെന്ന് കേരള സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. വാണിജ്യ കെട്ടിടങ്ങള്‍ക്ക് മുന്നിലെ മരങ്ങള്‍ അകാരണമായി മുറിക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി വി കുഞ്ഞിരാമന്റെ ഉത്തരവ്. കെട്ടിടങ്ങളുടെ സംരക്ഷണം, വാണിജ്യ ലക്ഷ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി അകാരണമായി മരങ്ങള്‍ മുറിച്ച് നീക്കുന്നത് പ്രകൃതിയുടെയും കാലാവസ്ഥയുടെയും കൂട്ടക്കൊലയായി കാണണം എന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തകയും കവിയുമായ സുഗതകുമാരിയുടെ വരികള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് കോടതി ഉത്തരവ്. ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി എന്നു തുടങ്ങുന്ന കവിതയാണ് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മരം മുറിക്കാന്‍ അനുമതി നല്‍കിയ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. റോഡരികില്‍ നില്‍ക്കുന്ന മരങ്ങള്‍ സംരക്ഷിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ കടമ, അത് നശിപ്പിക്കുകയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മരങ്ങള്‍ നശിച്ച അവസ്ഥയിലാണെങ്കില്‍ മാത്രമേ മുറിച്ചുമാറ്റാന്‍ കഴിയൂഹൈക്കോടതി
മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങള്‍ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ഒരു അപേക്ഷയും അനുവദിക്കാനാവില്ലെന്ന് കേരള സര്‍ക്കാര്‍ തിരിച്ചറിയണം. മരങ്ങള്‍ തണലും ശുദ്ധമായ ഓക്സിജനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്‍കുന്നു. സംസ്ഥാനത്തിന്റെ പാതയോരങ്ങളിലെ മരങ്ങള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന കാരണത്താല്‍ മുറിച്ച് നീക്കം ചെയ്യാതിരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണം. മരങ്ങള്‍ നശിച്ച അവസ്ഥയിലാണെങ്കില്‍ മാത്രമേ മുറിച്ചുമാറ്റാന്‍ കഴിയൂ. അത് ജനങ്ങളുടെ ജീവന് അപകടകരമാണെന്ന സാഹചര്യത്തില്‍ മാത്രമായിരിക്കണം എന്നും ജസ്റ്റിസ് കുഞ്ഞിരാമന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ശേഷമാണ് സുഗതകുമാരിയുടെ വരികള്‍ ഉത്തരവില്‍ പ്രതിപാദിക്കുന്നത്. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കോടാലി ഉയര്‍ത്തുന്നവര്‍ സുഗതകുമാരിയുടെ വരികള്‍ ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കുന്നു.
തങ്ങളുടെ കെട്ടിടത്തിന് സമീപമുള്ള മരങ്ങള്‍ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷ നിരസിച്ച ഉത്തരവിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ള മരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നതും കെട്ടിടത്തിന്റെ കാഴ്ച തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ മരങ്ങള്‍ വെട്ടിനീക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. മരങ്ങള്‍ വെട്ടിമാറ്റാനുള്ള ഹര്‍ജിക്കാരുടെ അപേക്ഷ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നു. എന്നാല്‍, മരം മുറിക്കുന്നതിന് അനുമതിക്കായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ അപേക്ഷ നിരസിക്കുകയായിരുന്നു. അപേക്ഷയില്‍ പറയുന്ന ഭീഷണികള്‍ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെയാണ് കെട്ടിട ഉടമകള്‍ കോടതിയെ സമീപിച്ചത്.
അതേസമയം, മരം മുറിക്കുന്നതിന് അനുമതി നല്‍കിയ പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്ക് വിരുദ്ധമായ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കണ്ടെത്തലുകളും കോടതി ഗൗരവകരമായാണ് നിരീക്ഷിച്ചത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയ കോടതി പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ഇത്തരം ഒരു റിപ്പോര്‍ട്ട് നല്‍കാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള കൃത്യവിലോപം കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.