സാങ്കേതിക സർവകലാശാല വി സി ഡോ. സിസാ തോമസിന് തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സിസാ തോമസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്നലെ മാറ്റിയിരുന്നു. ഇതോടെ തസ്തിക നഷ്ടമായ സിസ തോമസിന് തിരുവനന്തപുരത്ത് തന്നെ നിയമനം നൽകണമെന്നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. കെടിയു താത്കാലിക വിസിയായി ചുമതല നിര്‍വഹിക്കുന്നതിനാല്‍ തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കണമെന്നാണ് ട്രൈബ്യൂണല്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം.
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് ശേഷം സിസാ തോമസിന് സർക്കാർ പകരം നിയമനം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിസാ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതിലാണ് സിസ തോമസിന് അനുകൂലമായ ഉത്തരവ്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സീനിയർ ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികെയാണ് ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വിസിയായി സിസാ തോമസിനെ നിയമിച്ചത്. ഈ നിയമനത്തോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ സിസാ തോമസും ഉള്‍പ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരില്‍ നിന്നും സര്‍വകലാശാല സിന്റിക്കേറ്റില്‍ നിന്നും പ്രതികാര നടപടികള്‍ സിസ തോമസ് നേരിടേണ്ടി വന്നത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സിസാ തോമസിനെ മാറ്റിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.