കലാമണ്ഡലം വാസു പിഷാരടി 
KERALA

വാസു പിഷാരടി: കളിയരങ്ങിലെ ഏകാന്തപഥികൻ

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് ബോധപൂർവം അകലം പാലിച്ച കലാകാരനാണ് വാസു പിഷാരടി

രവി മേനോന്‍

നിനച്ചിരിക്കാതെ ഒരു ദിവസം അനിതാ നായരുടെ കോൾ: കഥകളി പശ്ചാത്തലമായി ഒരു നോവലെഴുതുന്നു. കളിയരങ്ങിന്റെ അന്തരീക്ഷവും അഭിനയത്തിന്റെ സൂക്ഷ്മതലങ്ങളുമെല്ലാം എഴുത്തിൽ കടന്നുവരും; വരണം. ആ മേഖലയിൽ മാർഗ്ഗനിർദ്ദേശം തരാൻ യോഗ്യനായ ഒരാളെ നിർദ്ദേശിക്കാമോ?

കഥകളിയുടെ പ്രായോഗിക, താത്വിക തലങ്ങളെക്കുറിച്ച് ഇത്ര ലളിതവും ഗഹനവുമായി സംസാരിക്കാൻ കഴിയുന്ന മറ്റൊരാളെ കണ്ടിട്ടില്ല

കലാമണ്ഡലം വാസു പിഷാരടി എന്ന് മറുപടി പറയാൻ ഇരുവട്ടം ആലോചിക്കേണ്ടി വന്നില്ല എനിക്ക്. പിഷാരടിമാഷെക്കുറിച്ച് മലയാളം വാരികയിൽ വിശദമായി എഴുതി എന്നത് മാത്രമായിരുന്നില്ല കാരണം. കഥകളിയുടെ പ്രായോഗിക, താത്വിക തലങ്ങളെക്കുറിച്ച് ഇത്ര ലളിതവും ഗഹനവുമായി സംസാരിക്കാൻ കഴിയുന്ന മറ്റൊരാളെ കണ്ടിട്ടില്ല. കോട്ടക്കൽ പാണ്ടമംഗലം ക്ഷേത്രോത്സവക്കാലത്ത് അമ്മമ്മയോടൊപ്പം കളിയരങ്ങിന് മുന്നിൽ ചെന്നിരുന്നു ബോറടിച്ച് ഉറക്കം തൂങ്ങിയിരുന്ന കുട്ടിയെ നല്ലൊരളവോളം കഥകളി എന്ന കലാരൂപത്തിന്റെ ആസ്വാദകനാക്കി മാറ്റിയത് വാസു പിഷാരടിയാവണം.

കേരളകൗമുദിയിലെ സഹപ്രവർത്തകനും കഥകളിപ്രേമിയുമായ ശ്രീധരൻ മാഷിന്റെ വീട്ടിൽ നിന്ന് അഭിമുഖം കഴിഞ്ഞു യാത്രയാക്കുമ്പോൾ സൗമ്യമായ ചിരിയോടെ പിഷാരടി മാഷ് പറഞ്ഞ വാക്കുകൾ ഇപ്പോഴുമുണ്ട് കാതിൽ- "സ്വന്തം കാര്യങ്ങളെപ്പറ്റി അങ്ങനെ സംസാരിച്ച് ശീലല്യ. കൊറച്ച് അധികപ്രസംഗം ആയീന്ന് തോന്നണുണ്ട് ഇനിക്ക്. അസാരം മുഷിഞ്ഞിട്ടുണ്ടാവും ല്ലേ അങ്ങേക്ക്..''

ഒന്നും മിണ്ടാതെ നിഷേധാർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു. അന്നത്തെ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ എന്റെ മനസ്സിലുണ്ട് ''മാഷിന്റെ ആ അധികപ്രസംഗം കേട്ടിരുന്നില്ലെങ്കിൽ കഥകളിയെ ഒരിക്കലും സ്നേഹിക്കാതെ പോയേനെ ഞാൻ. ആ പഴയ ഉറക്കംതൂങ്ങിക്കുട്ടിയെ ഉള്ളിൽ നിന്ന് പടിയിറക്കി വിട്ടതിന് നന്ദി.''

വാസു പിഷാരടിയെ നേരിൽ ചെന്ന് കാണുക മാത്രമല്ല മണിക്കൂറുകളോളം അദ്ദേഹത്തോടൊപ്പമിരുന്ന് കഥകളിയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു എഴുത്തുകാരിയായ അനിതാ നായർ. 'മിസ്ട്രസ്' എന്ന നോവലിലെ കഥകളി ആശാനായ കോമൻ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയ്ക്ക് ആ സംഭാഷണം ഏറെ ഉപകാരപ്പെട്ടതായി അനിത പറഞ്ഞുകേട്ടിട്ടുണ്ട്.

കഥകളി കലാകാരന്മാർ പലരും കഥകളി എന്ന കലാരൂപത്തെപ്പോലും അതിശയിക്കും വിധം മാധ്യമശ്രദ്ധയും നല്ലൊരളവോളം ഗ്ലാമറും നേടിയെടുക്കുന്ന കാലമാണിത്. സിനിമയുമായുള്ള ബന്ധത്തിലൂടെ കൈവരുന്ന താരപരിവേഷം വേറെ. എന്നാൽ ഇക്കൂട്ടത്തിലൊന്നും കാണാറില്ല വാസു പിഷാരടിയെ. കളിയരങ്ങിലെ ഏകാന്തപഥികനായിരുന്നു അദ്ദേഹം. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് ബോധപൂർവം അകലം പാലിച്ച കലാകാരൻ.

അഭിമുഖങ്ങളിൽ നിന്നുപോലും ഒഴിഞ്ഞുമാറുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ''എനിക്ക് പറയാനുള്ളതൊക്കെ അരങ്ങിലെ എന്റെ വേഷങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനപ്പുറം എന്ത് പറയാൻ?''- പിഷാരടി മാഷ് ചോദിക്കും. കല്യാണസൗഗന്ധികത്തിലെ ഭീമസേനനും നളചരിതത്തിലെ നളനും കിർമ്മീരവധത്തിലെ ധർമ്മപുത്രരും കീചകവധത്തിലെ കീചകനും നരകാസുരവധത്തിലെ നരകാസുരനുമൊക്കെ അങ്ങനെ മാഷിന് വേണ്ടി അരങ്ങിൽ വാചാലമായി 'സംസാരിച്ച'വരാണ്.

പാലക്കാട് ജില്ലയിലെ കോങ്ങാട് സ്വദേശിയാണ് വാസു പിഷാരടി. ആദ്യ ഗുരു ഒറ്റപ്പാലം കേരള കലാനിലയത്തിലെ ബാലകൃഷ്ണൻ നായർ. വാഴേങ്കട കുഞ്ചുനായർക്ക് കീഴിൽ കോട്ടക്കൽ പി എസ് വി നാട്യസംഘത്തിൽ ചെലവിട്ട മൂന്ന് വർഷമാണ് പിഷാരടിയിലെ കലാകാരന്റെ പ്രതിഭ തേച്ചുമിനുക്കിയെടുത്തത്. തുടർന്ന് കലാമണ്ഡലം രാമൻകുട്ടി നായർ, പത്മനാഭൻ നായർ എന്നിവർക്ക് കീഴിൽ ഉപരിപഠനം. 1979 ൽ കലാമണ്ഡലത്തിൽ അധ്യാപകനായി ചേർന്ന പിഷാരടി മാഷ്, രണ്ടു പതിറ്റാണ്ടു കാലത്തെ സേവനത്തിന് ശേഷം വൈസ് പ്രിൻസിപ്പലായി വിരമിച്ചു.

കഥകളി വേദിയിലെ ഏകാന്തപഥികന് ആദരാഞ്ജലികൾ...

പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ