KERALA

തിരു.പുരം നഗരസഭാ കത്ത് വിവാദം: പ്രതിപക്ഷവുമായി സമവായം, ഡി ആര്‍ അനില്‍ പുറത്തേയ്ക്ക്

തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

വെബ് ഡെസ്ക്

തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ സമവായം. പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കുന്നതിനുള്ള സമവായമായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനില്‍ രാജിവയ്ക്കും. തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഡി ആര്‍ അനിലിനെ മാറ്റി നിര്‍ത്തുമെന്ന സമവായ ഫോര്‍മുലയുടെ പശ്ചാത്തലത്തില്‍ വിവാദത്തില്‍ പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും നടത്തിവരുന്ന സമരങ്ങള്‍ അവസാനിപ്പിക്കും. സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എം ബി രാജേഷ് നടത്തിയ ചര്‍ച്ച ആരോഗ്യകരമായിരുന്നു എന്ന് ബിജെപി നേതാവ് വി വി രാജേഷ് പ്രതികരിച്ചു.

ഡി ആര്‍ അനിലിനെ മാറ്റി നിര്‍ത്തുന്ന വിഷയത്തില്‍ സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും അനില്‍ ഒഴിയും. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് രാജി സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അന്തിമ തീരുമാനം വന്നാല്‍ ഉടന്‍ രാജി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണം എന്നതായിരുന്നു പ്രതിപക്ഷ ആവശ്യം

കത്തെഴുതിയെന്ന് ഡിആര്‍ അനില്‍ സമ്മതിച്ചതായും, അതിനാല്‍ അനിലിനെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചെന്ന് എം ബി രാജേഷ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാല്‍, മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്തില്ല. ഈ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കത്ത് വിവാദത്തില്‍ രാജി ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും നാളുകളായി സമരം തുടരുകയായിരുന്നു. അനില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണം എന്നതായിരുന്നു പ്രതിപക്ഷ ആവശ്യം. വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് രാജി തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നത്. കത്ത് വിവാദത്തില്‍ ഡി ആര്‍ അനിലിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി എന്നാണ് സിപിഎമ്മിന്റെയും വിലയിരുത്തല്‍. വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഷയം തണുപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തിലെ ഇടപെടല്‍.

ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പാലോട് രവി, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ നവംബര്‍ ഒന്നിന് അയച്ച കത്തും, പിന്നാലെ ഡി അനിലിന്റെ പേരില്‍ പുറത്തുവന്ന കത്തുമായിരുന്നു വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടെ പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയരുകയും ഇതിനെചൊല്ലി പ്രതിപക്ഷം രംഗത്തെത്തുകയുമായിരുന്നു.

കത്ത് താന്‍ എഴുതിയതല്ലെന്ന് ആര്യാ രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

കത്ത് താന്‍ എഴുതിയതല്ലെന്ന് ആര്യാ രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ലെറ്റര്‍ പാഡിലെ ഒപ്പ് പകര്‍ത്തി ആരെങ്കിലും വ്യാജരേഖയുണ്ടാക്കിയതാവാം എന്നാണ് മേയർ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. കത്ത് ലഭിച്ചിട്ടില്ലെന്നും നിയമനത്തില്‍ ഇടപെടാറില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ മൊഴി നല്‍കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ