ഗർഭിണിയായ കൊച്ചുവേളി സ്വദേശിനിയെ വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത് അതീവ ഗുരുതരാവസ്ഥയില്‍. തലയില്‍ രക്തസ്രാവമുള്ളതിനാല്‍ അമ്മയെ രക്ഷിക്കാൻ ഉടൻ തന്നെ സങ്കീർണ ന്യൂറോ സർജറി നടത്തണം. കുട്ടിയെ രക്ഷിക്കാൻ സിസേറിയനും. അമ്മയെയും കുട്ടിയെയും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ്.
ചൊവ്വാഴ്ച രാവിലെയാണ് യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതിയെ ആദ്യം എത്തിച്ചത് ഗര്‍ഭചികിത്സയ്ക്കായി കാണിച്ചുകൊണ്ടിരുന്ന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിയില്‍. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക്.
അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ.വിശ്വനാഥന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് റെഡ് സോണിലേക്ക് മാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ മള്‍ട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കി. എസ്.എ.ടി.യില്‍ നിന്നും അടിയന്തരമായി ഗൈനക്കോളജിസ്റ്റിനെ മെഡിക്കല്‍ കോളേജിലേയ്ക്ക് വിളിച്ചു. ഡോക്ടർ എത്തിയപ്പോഴേയ്ക്കും സര്‍ജറിയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ആദ്യം സിസേറിയന്‍ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് യുവതിയുടെ തലയോട്ടി തുറന്ന് സങ്കീര്‍ണ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന യുവതിയെ ഇന്ന് രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. യുവതി സുഖം പ്രാപിച്ചു വരികയാണ്.
മാതൃകാപരമായ സേവനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മെഡിക്കല്‍ കോളേജില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ വിജയം കൂടിയാണിതെന്ന് വീണാ ജോർജ്ജ് പറഞ്ഞു.