വയനാട്ടിൽ സംഭവിച്ച ഭയാനകമായ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളക്കര. ഒറ്റ രാത്രിയിൽ ഒരു പാട് മനുഷ്യരും അവരുടെ സ്വത്ത് സമ്പാദ്യങ്ങളുമെല്ലാം കോരിയെടുത്ത് ഇല്ലാതാക്കിയിരിക്കുകയാണ് പ്രകൃതി. അപകടം നടന്ന മൂന്നാം പകലിലും രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും ഒരുപാട് മനുഷ്യർ മണ്ണിനടിയിലാണ്. വയനാട്ടുകാർ ഇങ്ങനെ വേദനയിൽ ആണ്ടുനിൽക്കുമ്പോൾ മനുഷ്യത്വത്തിന്റെ പുതിയ നിർവചനങ്ങൾ കൊണ്ട് അവരെ ചേർത്തുപിടിക്കുകയാണ് കേരളമാകെ.
ദുരന്തം നടന്ന് മണിക്കൂറിനുള്ളിൽ സഹായധനം രൂപീകരിച്ചും സാധനങ്ങൾ എത്തിച്ചും മലയാളികളാകെ ഒന്നിച്ച് പ്രവർത്തിക്കുന്നു. തങ്ങളാലാകും വിധം എന്തും ചെയ്യാൻ ഓരോരുത്തരും തയ്യാറാണ്. അങ്ങനെ വയനാട്ടിലെ ദുരന്തമുഖത്ത് ഒറ്റപ്പെട്ട കുഞ്ഞുങ്ങൾക്കായി മുലപ്പാൽ നൽകാൻ തയ്യറാവുകയാണ് തിരുവനന്തപുരം പാലോട് സ്വദേശിയായ അഖില. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ അഖില കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരെ തന്റെ സന്നദ്ധത അറിയിച്ചത്.
"സംഭവം നടക്കുന്ന ദിവസം രാത്രി എന്റെ ഭർത്താവ് മെസേജ് അയച്ച് ചോദിച്ചു, അവിടെ ഒരുപാട് കുഞ്ഞുമക്കൾ ഉണ്ട്, നിനക്ക് കുറച്ച് മുലപ്പാൽ കൊടുക്കാൻ പറ്റുമോയെന്ന്. ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുമ്പോഴാണ് ഭർത്താവ് ഇങ്ങോട്ട് അക്കാര്യം ചോദിച്ചത്. എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു ചേട്ടാ എന്നാണ് ഞാൻ പറഞ്ഞത്. തിരുവനന്തപുരത്ത് ഹെല്പ് ഡെസ്ക് ഉണ്ട് അന്വേഷിക്കട്ടെയെന്നും പറഞ്ഞു. പോയി കൊടുക്കാൻ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തിൽ അല്ലാതെ കൊടുക്കാൻ പറ്റുമോയെന്ന് അന്വേഷിക്കാൻ ഭർത്താവ് എന്നോട് പറയുകയായിരുന്നു," അഖില പറയുന്നു.
കുഞ്ഞുമായി യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊടുത്തയയ്ക്കാൻ സാധിക്കുമോ എന്ന് അഖില അന്വേഷിക്കുന്നത്. "തിരുവനന്തപുരത്തിന്റെ അങ്ങേ അറ്റത്താണ് ഞാൻ താമസിക്കുന്നത്. എന്റെ കുഞ്ഞിന് നാല് മാസമാണ് പ്രായം. വയനാട് എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം വളരെ ദൂരെയാണ്. കുഞ്ഞിന് മുലപ്പാൽ കൊടുക്കേണ്ടതുണ്ട്. കുഞ്ഞിനെ എവിടെപ്പോയാലും കൊണ്ടുപോകണം. അതുകൊണ്ടാണ് കൊടുത്തയയ്ക്കാൻ സാധിക്കുമോ എന്നന്വേഷിച്ചത്," അഖില പറയുന്നു. "ഈയൊരു സാഹചര്യത്തിൽ ഒരു കുഞ്ഞിനെയെങ്കിലും സഹായിക്കാൻ സാധിച്ചാല്‍, നമ്മളൊക്കെ മനുഷ്യരല്ലേ.. നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റിയ ഏറ്റവും വലിയ കാര്യം അല്ലേ അത്. അങ്ങനെ ഒരു അവസരം ലഭിച്ചാൽ മുലപ്പാൽ നൽകാൻ ഞാൻ തയ്യാറാണ്" അഖില പറയുന്നു. കൊല്ലം ലൂർദ് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ നഴ്സിങ് ട്യൂട്ടറായ അഖില ഇപ്പോൾ മറ്റേർണിറ്റി ലീവിലാണ്.
കഴിഞ്ഞ ദിവസം ഇടുക്കി സ്വദേശിയായ ഭാവനയും ഭർത്താവ് സജിനും സമൂഹ മാധ്യമങ്ങളിലൂടെ സമാനമായി മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ചിരുന്നു. ആവശ്യം അറിയിച്ച് ആളുകൾ ബന്ധപ്പെട്ട് തുടങ്ങിയതോടെ ഇരുവരും ഇന്ന് പുലർച്ചയോടെ വയനാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.