മുഖ്യമന്ത്രി പിണറായി വിജയനും ടിജി നന്ദകുമാറും തമ്മിലുള്ള കൂടികാഴ്ചയുടെ കാര്യത്തിൽ അവർ തമ്മിൽ പറഞ്ഞു തീർക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഞങ്ങൾ മൂന്നാമത് നിൽക്കുന്ന വ്യക്തിയാണ്. ഞങ്ങൾ ആരാണെന്ന് ജനങ്ങൾക്കറിയാം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് പുറത്തു വരാൻ കോൺഗ്രസിലെ രണ്ട് മുൻ ആഭ്യന്തരമമന്ത്രിമാർ ആഗ്രഹിച്ചിരുന്നുവെന്നും യുഡിഎഫിന്റെ ഭാഗമായിരുന്ന ഇവർ മുഖ്യമന്ത്രിയാകാൻ കൊതിച്ചതിന്റെ ഫലമാണ് ഉമ്മൻ ചാണ്ടി തേജോവധത്തിന് വിധേയമായതെന്നുമുളള നന്ദകുമാറിന്റെ ആരോപണത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് മറുപടി പറയാനാണ് നന്ദകുമാർ വന്നതെന്ന് കരുതുന്നു. ആ കൂട്ടത്തിൽ ഈ കാര്യം കൂടി കൂട്ടിച്ചേർത്തതായിരിക്കാം. ഗൗരവമേറിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഇതുപോലുളള ചെറിയ കാര്യങ്ങളിൽ പോയി തലവച്ചുകൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ തനിക്ക് എതിരായ പരാമർശത്തിൽ കാര്യമില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്നതാണ് പരാമർശം. എന്നാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്രയോ മുകളിലാണ്. അദ്ദേഹത്തെ താൻ സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ശത്രുക്കൾക്ക് ആയുധം നൽകാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടി അച്ചടക്ക സമിതിയുടെ അധ്യക്ഷൻ അച്ചടക്കം ലംഘിക്കുന്നത് ശരിയല്ല. കെസി ജോസഫിനുള്ള മറുപടി പാർട്ടി വേദിയിൽ പറഞ്ഞിട്ടുണ്ട്. പാർട്ടി നടപടി അനിശ്ചിതമായി നീളുന്നെങ്കിൽ അപ്പോൾ പ്രതികരിക്കാം. കെസി ജോസഫ് പറഞ്ഞതിന്റെ ഗൗരവം കുറച്ച് കാണുന്നില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. ഇരിക്കുന്ന സ്ഥാനത്തോട് നൂറ് ശതമാനം നീതി പുലർത്തണെമെന്ന് പറഞ്ഞ ഞാന്‍ തന്നെ അത് ലംഘിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകനെ പൊതുജനങ്ങളുടെ മധ്യ എതിരാളികൾക്ക് അക്രമിക്കുന്നതിന് വേണ്ടി വടി ഇട്ടുകൊടുക്കേണ്ടത് അച്ചടക്ക സമിതിയുടെ ചെയർമാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിക്ക് പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ആളാണ് താനെന്നും അത് രാഷ്ട്രീയം കൊണ്ട് മാത്രമല്ല വ്യക്തി ബന്ധം കൊണ്ടാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.