തിരുവനന്തപുരം വാഴമുട്ടത്ത് ബൈക്ക് റേസിങ്ങിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ്(25) ആണ് മരിച്ചത്. ബൈക്ക് റേസിങ്ങിനിടെ നാല് വരി പാത മുറിച്ച് കടക്കുന്നതിനിടെ സന്ധ്യ എന്ന വഴിയാത്രക്കാരി മരിച്ചിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടം കാരോട് ബൈപ്പാസിലെ വാഴമുട്ടത്താണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തന്നെ സന്ധ്യ മരിച്ചിരുന്നു. അരവിന്ദിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അമിത വേഗത്തിൽ എത്തിയ ബൈക്ക്, റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സന്ധ്യയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു
ഒരു ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാനത്ത് ബൈക്ക് റേസിങ് സംഘങ്ങള്‍ വീണ്ടും സജീവമായത്. ഇന്ന് പുലർച്ചെ അമിത വേഗത്തിൽ എത്തിയ ബൈക്ക്, റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സന്ധ്യയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജോലിക്ക് പോകാനായി വന്നതായിരുന്നു പനത്തുറ സ്വദേശി സന്ധ്യ. ഇടിയുടെ ആഘാതത്തില്‍ ഇവർ 200 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണതായി നാട്ടുകാര്‍ പറഞ്ഞു. പോലീസ് എത്തിയാണ് സന്ധ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ബൈക്ക് റേസിങ് സംഘത്തിലെ അംഗമാണ് അരവിന്ദ്. 20 ലക്ഷത്തോളം രൂപ വില വരുന്ന കവാസാക്കി കമ്പനിയുടെ സൂപ്പര്‍ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. തിരുവല്ലം-കോവളം ബൈപാസില്‍ ബൈക്ക് റേസിങ് സംഘങ്ങള്‍ സജീവമാണ്. സ്‌പോര്‍ട്‌സ് ബൈക്കുകളും, സൂപ്പര്‍ ബൈക്കുകളും ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളാണ് ഈ മേഖലയില്‍ മത്സരയോട്ടം നടത്തുന്നത്. ഇത്തരം സംഘങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. കഴിഞ്ഞ ജൂണിലും ബൈപ്പാസില്‍ ബൈക്കുകളുടെ മത്സരയോട്ടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.
അപകടം റേസിങ്ങിനിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
മുന്‍പ് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് നേരത്തെ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും പരിശോധന അവസാനിപ്പിച്ചത്തോടെ അവസരം മുതലെടുത്ത് വീണ്ടും മത്സരോട്ടം തുടങ്ങുകയായിരുന്നു. അതേസമയം അപകടം റേസിങ്ങിനിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. അപകടത്തെക്കുറിച്ച് മോട്ടോര്‍വാഹന വകുപ്പ് പ്രത്യേകം അന്വേഷിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി മേഖലയില്‍ റേസിങ് നടക്കാറില്ലെന്നാണ് മന്ത്രിയുടെ വാദം.