കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷന്റെ ആദ്യ ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യവേ ദുബായിയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കേരളത്തിലെ ഐടി കോറിഡോറുകള്‍ക്കായുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുകയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലും വിദേശത്തും സംരംഭം തുടങ്ങാൻ മലയാളികളെ സഹായം നല്‍കുക ലക്ഷ്യമിട്ടാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്റര്‍ എന്ന ആശയം മുന്നോട്ട് വച്ചത്. ഇതില്‍ ആദ്യത്തേതാണ് യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
ദുബായ് ബിസിനസ് ബേയില്‍ ബുര്‍ജ് ഖലീഫ സ്റ്റേഷന് സമീപം താജില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. കരാമയില്‍ ജനറേഷന്‍ 71,133 ബിസിനസ് ടവറിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എംഡി ഡോ. ആസാദ് മൂപ്പന്‍, ഐബിഎസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ.മാത്യൂസ്, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് ഭാഗമായി വിഭാവനം ചെയ്യുന്ന സുപ്രധാന പ്രൊജക്ടാണ് കേരള സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍. പ്രവാസികളുമായി സഹകരിച്ച് കേരളത്തില്‍ വരാനിരിക്കുന്ന പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന്റെ ആദ്യ ചുവട് വയ്പ്പാണ് ഇതുവഴി നടപ്പാകുകയെന്നാണ് പ്രഖ്യാപനം.
തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് ആഗോള ഡെസ്‌കായി പ്രവര്‍ത്തിക്കും. പ്രവാസികള്‍ അയയ്ക്കുന്ന പണം ബിസിനസ് സംരംഭങ്ങള്‍ക്കുള്ള നിക്ഷേപമാക്കുകയാണ് സര്‍ക്കാര്‍ സംവിധാനമായി സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററുകളുടെ ലക്ഷ്യം. ഈ സെന്ററുകള്‍ വഴി വിദേശത്ത നിന്ന് തന്നെ കേരളത്തില്‍ കമ്പനികള്‍ക്ക് രജിസ്റ്ററര്‍ ചെയ്യാം. യുഎഇക്കു പുറമേ, ആദ്യഘട്ടത്തില്‍ യുഎസ്, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലും ഇന്‍ഫിനിറ്റി സെന്റര്‍ ആരംഭിക്കും.