KERALA

കരിപ്പൂരില്‍ വീണ്ടും സ്വർണ വേട്ട; രണ്ട് പേർ പിടിയില്‍

ദ ഫോർത്ത് - കോഴിക്കോട്

കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വർണം പിടികൂടി. രണ്ട് പേരില്‍ നിന്ന് ശരീരത്തിലും ടോർച്ചുകളുടെ ബാറ്ററികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ ദിവസം ദോഹയിൽ നിന്നും എയർ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാരനിൽ നിന്ന് 888 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം പിടിച്ചെടുത്തു. മലപ്പുറം കിഴുപ്പറമ്പ് സ്വദേശി തയ്യിൽ അസ്‌ലാമാണ് പിടിയിലായത്. മൂന്ന് കാപ്സ്യൂൾ രൂപത്തിൽ ശരീരഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്താന്‍ ശ്രമിച്ചത്.

കൂടാതെ, ബാറ്ററിക്കുള്ളിൽ സ്വർണം കടത്തിയതിന് ദുബായിൽ നിന്നും വന്ന സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ യാത്രക്കാരൻ അഴീക്കോട് സ്വദേശി അബ്ദുസലാമിനെയും കസ്റ്റംസ് പിടികൂടി. രണ്ട് ടോർച്ചുകളുടെ ബാറ്ററികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 554 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. ഇയാള്‍ കൊണ്ടുവന്ന രണ്ട് കാർട്ടൻ പെട്ടികൾ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. വിപണിയിൽ 32.14 ലക്ഷം രൂപ വില വരും. രണ്ടു കേസുകളിലും വിശദമായ അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ വർഷം കരിപ്പൂർ എയർ കസ്റ്റoസ് ഉദ്യോഗസ്ഥർ 360 കേസുകളിലായി ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന 287.2 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. എയർ കസ്റ്റംസ് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടും സ്വർണക്കടത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വർണത്തിന് പുറമെ 142.64 ലക്ഷത്തിന്‍റെ വിദേശ കറൻസിയും എയർകസ്റ്റംസ് പിടികൂടി കേസെടുത്തിട്ടുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും