KERALA

വീണ്ടും വന്യജീവി ആക്രമണം; തൃശൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു, കോഴിക്കോട് കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടില്‍ അബ്രഹാമും (62) തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അതിരപ്പിള്ളി വനമരം ആദിവാസി കോളനിയിലെ വത്സയുമാണ് കൊല്ലപ്പെട്ടത്.

വെബ് ഡെസ്ക്

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ട് മരണം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടില്‍ അബ്രഹാമും (62) തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അതിരപ്പിള്ളി വനമരം ആദിവാസി കോളനിയിലെ വത്സയുമാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് പറമ്പില്‍ ജോലി ചെയ്യവേയാണ് കര്‍ഷകനായ അബ്രഹാമിനെ കാട്ടുപോത്ത് കുത്തിയത്. ബാലുശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കും.

അതിരപ്പിള്ളി വനമരം ഊരു മൂപ്പന്‍ രാജന്റെ ഭാര്യയാണ് കൊല്ലപ്പെട്ട വത്സ. കാട്ടിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടിനുള്ളില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുകയാണ്. ഊരുമൂപ്പനും വത്സയും ചേര്‍ന്ന് കാട്ടിലേക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സമയത്താണ് ആക്രമണം നടക്കുന്നത്. ആനയെ കണ്ട് പേടിച്ചോടുന്നതിനിടയില്‍ ആന തുമ്പിക്കൈ ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയും ചവിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70)യാണ് ഇന്നലെ കൊല്ലപ്പെട്ടത്. വീടിന് സമീപമുള്ള പറമ്പില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചത്. അതേസമയം ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പ്രതിഷേധക്കാരുടെ കൈയില്‍ നിന്നു മൃതദേഹം പോലീസ് ബലമായി പിടിച്ചെടുത്തു.

കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കോതമംഗലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ അനുവദിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ആശുപത്രിയില്‍ നിന്ന് പുറത്തുകൊണ്ടുവരികയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ ബലപ്രയോഗത്തിലൂടെയാണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാര്‍ ഏറ്റെടുത്തത്. ഇത് തടയാനെത്തിയ പോലീസിനെ നാട്ടുകാരും യുഡിഎഫ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞിരുന്നു.

ശേഷം പ്രതിഷേധമുഖത്തേക്കെത്തിയ പോലീസ് പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ തകര്‍ത്ത് മൃതദേഹം പിടിച്ചെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. റോഡില്‍ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പൊളിച്ച പോലീസ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ ഇവിടെ നിന്നും വലിച്ചുമാറ്റി.

കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളായിരുന്നു ഇന്ദിര. കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ മണി കഴിഞ്ഞ ആഴ്ചയാണ് ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരിയില്‍ വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തിലും മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ