ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ കയറി അനധികൃത പൂജ നടത്തിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കെഎഫ്ഡിസി ജീവനക്കാരായ രാജേന്ദ്രൻ കറുപ്പായി, സാബു എന്നിവരാണ് അറസ്റ്റിലായത്. പൂജ നടത്തിയ നാരായണൻ, ഒരു കുമളി സ്വദേശി, 5 തമിഴ്നാട് സ്വദേശികൾ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഒരാഴ്ച മുന്‍പാണ് നാരായണന്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പേര്‍ പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നായിരുന്നു പൂജ. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നാരായണനെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.
പൊന്നമ്പലട്ടിൽ പൂജ നടത്തിയ നാരായണനെ ഉടൻ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്. നേരത്തെ ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് തമിഴ്‌നാട് സ്വദേശിയായ നാരായണന്‍. സംഭവത്തിൽ കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തേക്കും.