KERALA

ശമ്പളമില്ലാതെ രണ്ട് വര്‍ഷം; ഹൈക്കോടതി വിധി വഴിമുട്ടിച്ച എയ്ഡഡ് അധ്യാപകർ

നിയമനത്തില്‍ ഭിന്നശേഷി സംവരണം പാലിക്കണമെന്ന ഹൈക്കോടതി വിധി തിരിച്ചടിയായത് 1500ഓളം അധ്യാപകർക്ക്

ജി ആര്‍ അമൃത

ജോലിയുണ്ടായിട്ടും ഒന്നര വര്‍ഷത്തിലധികമായി ശമ്പളം ലഭിക്കാതെ ഒരു വിഭാഗം എയ്ഡഡ് അധ്യാപകര്‍. സംസ്ഥാനത്തുടനീളം 1500 ഓളം വരുന്ന അധ്യാപകരാണ് നിയമക്കുരുക്കില്‍ കുടുങ്ങി കഴിഞ്ഞ 19 മാസമായി ശമ്പളമില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണം പാലിക്കണമെന്ന ഹൈക്കോടതി വിധിയാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. 2021 ജൂലൈയില്‍ ഗവണ്‍മെന്റ് അംഗീകാരത്തോടെ എയ്ഡഡ് ഹയര്‍ സ്കൂളുകളില്‍ നിയമനം ലഭിച്ച അധ്യാപകരാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരും ഇവര്‍ക്കിടയിൽ ഉണ്ട്.

പേരാമ്പ്ര ഹയര്‍സെക്കൻ്ററി സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ അധ്യാപകനായ ദീപക് ഇത്തരത്തില്‍ ജീവിതം പ്രതിസന്ധിയിലായവരുടെ പ്രതിനിധിയാണ്. 2021 ജൂലൈയില്‍ ജോലിയില്‍ പ്രവേശിച്ച ദീപക് 19 മാസമായി ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. സ്‌കൂളില്‍ അധ്യാപന ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് ട്യൂഷനെടുത്തായിരുന്നു ഉപജീവനം നടത്തിയിരുന്നത്. പുതിയ അധ്യാപകന്‍ എന്ന നിലയില്‍ നിരവധി ഉത്തരവാദിത്തങ്ങളാണ് ഇപ്പോഴുള്ളത്. അതിനാല്‍ ട്യൂഷൻ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. വരുമാനമാര്‍ഗങ്ങളെല്ലാം മുടങ്ങിയിരിക്കുന്നു. ജീവിതം പ്രതിസന്ധിയിലാണ്- ദീപക് പറയുന്നു.

സമൂഹത്തില്‍ വലിയ പരിഗണന ലഭിക്കുന്ന അധ്യാപക ജോലിയുണ്ടായിട്ടും അതീവ സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് പലരും. കുടുംബത്തിന് മുന്നിലും, സമൂഹത്തിലും തങ്ങളുടെ പ്രതിസന്ധി പോലും തുറന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണ് പലരുടേതും എന്നും അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഹൈക്കോടതി വിധിയില്‍ പറയുന്നത്

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക നിയമനത്തിലും ഭിന്നശേഷി സംവരണം പാലിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എയ്ഡഡ് സ്‌കൂളുകളില്‍ സംവരണം നടപ്പാക്കണമെന്ന ഉത്തരവ് കോടതി നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ കാര്യത്തിലും ബാധകമാണെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഈ ഉത്തരവ് പ്രകാരം അധ്യാപകരെ നിയമിക്കുമ്പോള്‍ 25:1 എന്ന അനുപാതം പാലിക്കണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

2017 ഏപ്രില്‍ 18 വരെയുള്ള ഒഴിവുകളില്‍ മൂന്ന് ശതമാനവും 2017ന് ശേഷമുള്ള ഒഴിവുകളില്‍ നാല് ശതമാനവും ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെക്കണം. ഇക്കാലയളവില്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളില്‍ അവര്‍ക്ക് നിയമനം നല്‍കിയിട്ടില്ലെങ്കില്‍ 2018 നവംബര്‍ 18ന് ശേഷം ഉണ്ടായ ഒഴിവുകളില്‍ നിയമനം നല്‍കണമെന്നും ഇതിന് ശേഷം മാത്രമെ 2018 നവംബര്‍ 18ന് ശേഷമുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനാകൂവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2021 നവംബര്‍ എട്ടിന് ശേഷമുള്ള ഒഴിവുകളില്‍ ബാധകമാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് 2021 ല്‍ നിര്‍ദേശിച്ചതും 2021 ജൂലൈ 15ന് ശേഷം മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ക്ക് 2021 സെപ്റ്റംബര്‍ 24നകം അംഗീകാരം നല്‍കണമെന്ന് 2021 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവും കോടതി റദ്ദാക്കിയിരുന്നു.

"സാധാരണ ഒരു കുടുംബത്തില്‍ നിന്നാണ് വളരെ കഷ്ടപ്പെട്ട് അധ്യാപന ജീവിതത്തിലേക്ക് ഞാന്‍ കടന്നു വന്നത് . കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുരൂപ ശമ്പളമില്ലാതയാണ് ഞാന്‍ ജോലി ചെയ്യുന്നത്. പ്രതിമാസം 5000 രൂപ വരുമാനം ലഭിക്കുന്ന ഒരു ജോലിചെയ്താണ് ഞാനെൻ്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് . വര്‍ഷങ്ങളായി ഒരു പൈസ പോലും ശമ്പളം ലഭിക്കാത്ത വേറെയും അധ്യാപകരുണ്ട് . 13 പേര്‍ ജോലിചെയ്യുന്ന സ്‌കൂളില്‍ ആകെ മൂന്നു പേര്‍ക്ക് മാത്രമാണ് ശമ്പളം ലഭിക്കുന്നത് " ഇടുക്കിയിലെ അധ്യാപകന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

എസ് എന്‍ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ടും സമാനമായ സാഹചര്യമുണ്ടായിരുന്നു . നിയമിച്ച എല്ലാം അധ്യാപകരുടേയും നിയമനം റദ്ദാക്കിക്കൊണ്ട് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു കോളേജ് മാനേജ്‌മെൻ്റ്. ഈ വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മാനേജ്‌മെൻ്റ് സുപ്രീംകോടതിയെ സമീപിച്ചു. സര്‍വീസില്‍ നിന്നും പിരിച്ചു വിട്ട അധ്യാപകരെ തിരികെ വിളിക്കണമെന്നും അവര്‍ക്ക് സര്‍വീസില്‍ തുടരാമെന്നുമായിരുന്നു വിധി . അതേ സമയം ഭിന്ന ശേഷിക്കാരിയായ അധ്യാപികയുടെ നിയമനവും സുപ്രീം കോടതി ശരിവെച്ചു.ഇതിന് സമാനമായ ഒരു വിധിയാണ് എയ്ഡഡ് അധ്യാപകരും പ്രതീക്ഷിക്കുന്നത്.

അധ്യാപകരുടെ വശം കേള്‍ക്കാന്‍ തയ്യാറാകാതെയാണ് ഇത്തരത്തിലൊരു വിധി വന്നതെന്ന് ചൂണ്ടിക്കാട്ടി നിയമ പോരാട്ടം നടത്തുകയാണ് അധ്യാപക സംഘടനകള്‍. നിലവില്‍ ഡിവിഷന്‍ ബെഞ്ചില്‍ കേസിൻ്റെ വാദം പുരോഗമിക്കുകയാണ്.

2018 മുതല്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന് സിഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 2018 ല്‍ സാമൂഹിക നീതി വകുപ്പിൻ്റെ ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. ഇത് ചോദ്യം ചെയ്തു കൊണ്ടായിരുന്നു ഭിന്നശേഷിക്കാര്‍ കോടതിയെ സമീപിച്ചത് . കോവിഡാനന്തരം 25 -7 -2021 ലാണ് പല അധ്യാപകരുടേയും നിയമനം നടന്നത് . ഡിപി ഐ സര്‍ക്കുലര്‍ പ്രകാരം 24 -9-2021ന് ഉള്ളിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്തവരുടെ നിയമനം നടത്തണമെന്ന ഉത്തരവും വന്നു. അതിന് തലേ ദിവസം ഭിന്നശേഷിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് ഈ ഉത്തരവിന് സ്റ്റേ വാങ്ങി. 7 -11 2021 വരെ നിയമിതരായവര്‍ക്ക് ഈ നിയമം ബാധകമാകില്ലെന്ന സര്‍ക്കാരിൻ്റെ ഉത്തരവും സിംഗിള്‍ ബെഞ്ച് മരവിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് അധ്യാപക സംഘടനകളും സ്‌കൂള്‍ മാനേജ്മെൻ്റും കോടതിയെ സമീപിച്ചത് .

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ