യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസായിരുന്നു. കേരളത്തിൽ യുക്തി ചിന്തയ്ക്ക് വേരോട്ടമുണ്ടാക്കിയ യുക്തിവാദി സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു.
1940ൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിലായിരുന്നു കലാനാഥന്റെ ജനനം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങ ളിലായിട്ടാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് യുക്തി ചിന്തകളിലേക്കും രാഷ്ട്രീയത്തിലേക്കും കുടിയേറുകയായിരുന്നു.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവര്‍ത്തകനായാണ് തുടക്കം. 1968ൽ സിപിഐഎമ്മിൽ അംഗത്വമെടുത്തു. 1970 മുതൽ 1984 വരെ സിപിഐഎം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചിരുന്നു.
1981ല്‍ ശബരിമലയില്‍ മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്ന് തെളിയിക്കാനും 1989ല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴി ബലി അവസാനിപ്പിക്കുന്നതിന് വേണ്ടിയും നിയമപരമായും അല്ലാതെയുമുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായി. ഗുരുവായൂരില്‍ കൊടിമരം സ്വര്‍ണ്ണം പൂശുന്നതിനെതിരെ 1977ല്‍ കേരള യുക്തിവാദസംഘം നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ യു കലാനാഥന്‍ ആര്‍ എസ് എസ്സുകാരുടെ മര്‍ദനത്തിനിരയായി.
അധ്യാപകനും എഴുത്തുകാരനും കൂടിയാണ് കലാനാഥൻ. ആത്മാവ് സങ്കൽപ്പമോ യാഥാർഥ്യമോ, ജോത്സ്യം ശാസ്ത്രമോ ശാസ്ത്ര ആഭാസമോ, മതം സാമൂഹിക പുരോഗതിയുടെ ശത്രു, ഇസ്ലാമതവും യുക്തിവാദവും, ജീവപരിണാമം, മതനിരപേക്ഷതയും ഏക സിവിൽകോഡും തുടങ്ങിയവയാണ് പ്രധാന കൃതികൾ. കലാനാഥൻ മാസ്റ്റർ എന്നാണ് അദ്ദേഹം എന്നറിയപ്പെട്ടിരുന്നത്.
മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും.