KERALA

കേരളീയം നികുതിപണമുപയോഗിച്ച് നടത്തുന്ന ധൂർത്തെന്ന് പ്രതിപക്ഷ നേതാവ്; യുഡിഎഫ് ബഹിഷ്കരിക്കും

കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരിൽ നടത്തുന്ന രണ്ട് പരിപാടികളും സർക്കാരിന്റെ ചെലവിലുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ദ ഫോർത്ത് - തിരുവനന്തപുരം

രണ്ടാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളീയം-2023 പരിപാടി നികുത്തിപണം ധൂര്‍ത്തടിക്കാനുള്ള മാര്‍ഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടന പരിപാടികളിലും യുഡിഎഫ് സഹകരിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരിൽ നടത്തുന്ന രണ്ട് പരിപാടികളും സർക്കാരിന്റെ ചെലവിലുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആണ്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടന പരിപാടികളിലും യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഇടതുമുന്നണി സ്വന്തം നിലയില്‍ സംഘടിപ്പിക്കണമെന്നും അല്ലാതെ സര്‍ക്കാര്‍ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപണം ദുരുപയോഗം ചെയ്ത് നടത്തരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സർക്കാർ ഇത്തരം ധൂർത്തുകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെല്ല് സംഭരിച്ച പണം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസമാണ് കുട്ടനാട്ടിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്തത്. സാധാരണക്കാരന്റെ കഴുത്തറുക്കുന്ന നികുതിക്കൊള്ള ഒരു ഭാഗത്ത് നടക്കുമ്പോള്‍ വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിപ്പിനുള്ള പറുദീസയായി കേരളം മാറി. ക്ഷേമ പദ്ധതികള്‍ക്ക് പോലുമുള്ള പണമില്ല. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ചോദ്യചിഹ്നമായി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റേയും കേന്ദ്രമാണ്.

വികൃതമായ സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനായാണ് സർക്കാർ ഖജനാവിലെ കോടികൾ ചെലവഴിക്കുന്നത്. എന്നാൽ ഈ കാര്യത്തിൽ പ്രതിപക്ഷവുമായി സർക്കാർ യാതൊരുവിധ ആലോചനകളും നടത്തിയിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ യുഡിഎഫ് രണ്ട് പരിപാടികളും ബഹിഷ്കരിക്കും.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി