KERALA

തുടക്കം മുതല്‍ ഒടുക്കം വരെ മുന്നില്‍; 'ചാണ്ടി'യെ ചേര്‍ത്തുപിടിച്ച് പുതുപ്പള്ളി

പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയാണ് വോട്ടര്‍മാര്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ തിരിഞ്ഞെടുത്തത്.

വെബ് ഡെസ്ക്

എല്‍ഡിഎഫ് പ്രതീക്ഷകള്‍ പാടെ തകര്‍ത്ത് ഉമ്മന്‍ ചാണ്ടിയെന്ന വികാരത്തെ ചേര്‍ത്ത് പിടിച്ച് പുതുപ്പള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ആസന്നമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് മിന്നും ജയം. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയാണ് വോട്ടര്‍മാര്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ തിരിഞ്ഞെടുത്തത്.

37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്

37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. 80,144 വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്ക് സി തോമസ് 42,425 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി ലിദജിന്‍ ലാല്‍ 6558 വോട്ടുകള്‍ നേടി.

2021 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 16,772 വോട്ടുകള്‍ കൂടുതല്‍ നേടിയാണ് ചാണ്ടി ഉമ്മന്റെ ജയം. ജെയ്ക് സി തോമസിന് മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 11,903 വോട്ടുകള്‍ കുറഞ്ഞു. 2021ല്‍ 11,694 വോട്ടുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ 5,136 വോട്ടുകള്‍ നഷ്ടപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പിലെ പുതുപള്ളിയെ വോട്ടിങ് രീതി പാടെ മാറ്റി വരയ്ക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. നിലവില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറും എല്‍ഡിഎഫ് ഭരണ സമിതിയാണ് നിലവിലുള്ളത്. എന്നാല്‍ എട്ട് പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് ചാണ്ടി ഉമ്മന്റെ ജയം. 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ഒരു റൗണ്ടില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് മുന്‍തൂക്കം നേടാനായില്ല. ജെയ്ക് സി തോമസിന്റെ സ്വന്തം പഞ്ചായത്തായ മണര്‍ക്കാടും, മന്ത്രി വിഎന്‍ വാസവന് വോട്ടുള്ള ബൂത്തിലും ചാണ്ടി ഉമ്മന് വിജയം നേടാനായി.

പുതുപ്പള്ളിയില്‍ യുഡിഎഫ് നേടിയ വിജയം ഉമ്മന്‍ ചാണ്ടിയുടെ വിജയമാണെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം. അപ്പയുടെ പതിമൂന്നാം വിജയമാണിത്, പുതുപ്പള്ളിക്കാരുടെ വിജയമാണിത്. എന്നിലര്‍പ്പിച്ച വിശ്വാസം ഒരിക്കലും ഭംഗം വരുത്തില്ല. പുതുപ്പള്ളിക്കാര്‍ വോട്ട് ചെയ്തത് വികസന തുടര്‍ച്ചയ്ക്കാണ്. അപ്പ കരുതലുമായി ഉണ്ടായിരുന്നു. ഇനി ഞാനും ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിച്ചു. വോട്ട് ചെയ്തവരും ചെയ്യാത്തവരും സമന്‍മാരാണ്. പുതുപ്പള്ളിയുടെ വികസനത്തിന് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ അപ്പയുടെ അടുത്ത് വന്ന് പ്രശ്‌നങ്ങള്‍ പറയാന്‍ കയ്യെത്തുന്ന ദൂരത്ത് ഉണ്ടായിരുന്നു. അതുപോലെ ഞാനും കയ്യെത്തുന്ന ദൂരത്ത് കാണും. അതിന് പാര്‍ട്ടിയോ ജാതിയോ ഒന്നും പ്രശ്‌നമല്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

എന്നാല്‍, പുതുപ്പള്ളിയിലെ സഹതാപതരംഗമാണ് യുഡിഎഫിന്റെ വിജയത്തിന് അടിസ്ഥാനമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. യുഡിഎഫ് വിജയം അംഗീകരിക്കുന്നു. പുതുപ്പള്ളിയിലെ ഇടതുമുന്നണിയുടെ അടിത്തറയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. സഹതാപ തരംഗം ഉണ്ടാകുന്ന തെരഞ്ഞെടുപ്പില്‍ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയിലാണ് നടന്നത്. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. തിരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ ചുണ്ടിക്കാട്ടി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയം, ജനങ്ങള്‍ക്ക് ഭരണപക്ഷത്തോടുള്ള വിയോജിപ്പിന്റെ ഉദാഹരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോഴുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും സമാന വിജയം പ്രതീക്ഷിക്കുന്നതായും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മണർകാട് സംഘർഷം. ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. പോലീസിന്റെ മുന്നിൽവെച്ചാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കല്ലേറുമുണ്ടായി.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം