കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധാകരനൊപ്പം പാര്‍ട്ടിയുണ്ടാകും. കെ സുധാകരനെതിരെ വ്യാജ വാര്‍ത്തയുണ്ടാക്കി അറസ്റ്റ് ചെയ്തതാണ്. അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
യുഡിഎഫും കോണ്‍ഗ്രസും കെ സുധാകരനോടൊപ്പം ഒറ്റക്കെട്ടാണ്. ചങ്ക് കൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കും. സുധാകരനെതിരായ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണ്. കള്ളക്കേസില്‍ കുടുക്കി കെ സുധാകരനെ ജയിലിലടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുധാകരന്‍ തയ്യാറായാലും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ അനുവദിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്നും ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.
കെ സുധാകരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയനേതൃത്വവും രംഗത്തെത്തി. ദേശീയതലത്തില്‍ സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാണ് നില്‍ക്കുന്നതെന്നും എന്നാല്‍ പിണറായി വിജയന്‍ 'മുണ്ടുടുത്ത മോദി'യാവാനുള്ള ശ്രമത്തിലാണെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. സിപിഎം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.