കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചു. 2018 ലെ റെഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നും നിയമനം ശരിവച്ചത് റദ്ദാക്കണമെന്നുമാണ് യുജിസിയുടെ ആവശ്യം.
പഠനേതര ജോലികള്‍ നടത്തിയ കാലഘട്ടം അധ്യാപന പരിചയത്തിന്റെ പരിധിയില്‍ പരിഗണിക്കണ ഹൈക്കോടതി വിധിയിലെ പരാമര്‍ശം 2018 ലെ ചട്ടങ്ങളുടെ ലംഘനമാണെന്നും യുജിസി അപ്പീലില്‍ വ്യക്തമാക്കുന്നു. ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ യുജിസി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതിയുടെ വിധി അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ തന്നെ ഇല്ലാതാക്കുന്ന നിലവരും. വിധിക്ക് അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതം ഉണ്ടാക്കും. അതിനാല്‍ ഹൈക്കോടതി വിധി തന്നെ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെടുന്നു.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ആഴ്ചയാണ് റദ്ദാക്കിയത്. യുജിസിയുടെ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ സേവന കാലയളവും അധ്യാപന പരിചയത്തില്‍ കണക്കാക്കാനാവില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. എന്നാല്‍ ഇത് വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവും കൈമാറിയിരുന്നു. നീലേശ്വരം ക്യാംപസിലാണ് നിയമനം.