കേരള സര്‍വകലാശാല 
KERALA

ഗവർണറുടെ നിർദേശം തള്ളി കേരളാ സർവകലാശാല; സെർച്ച് കമ്മിറ്റിയിലെ സെനറ്റ് അംഗം ഉടനില്ല

സെപ്തംബർ 26 നകം സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കണമെന്നായിരുന്നു സർവകലാശാലയ്ക്ക് ഗവർണർ നൽകിയ നിർദേശം

വെബ് ഡെസ്ക്

കേരളാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഈ മാസം 26 നകം സെര്‍ച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സര്‍വകലാശാല തള്ളി. തിങ്കളാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം വഷയം ചര്‍ച്ച ചെയ്യും.

ഡോ. മഹാദേവന്‍ പിള്ള, കേരളാ സർവകലാശാല വിസി

വിസി നിയമനത്തിനായി സര്‍വകലാശാലയുടെ പ്രതിനിധിയില്ലാതെ രണ്ടംഗ സമിതിയെ ഗവര്‍ണര്‍ നേരത്തെ തീരുമാനിച്ചിരുന്നു. സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കുമ്പോള്‍ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. ഗവര്‍ണറുടെ നടപടി ഏകപക്ഷീയമെന്ന് കാട്ടി സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കേരള സര്‍വകലാശാല സെനറ്റ് പ്രമേയവും പാസാക്കി. ഇതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഉടന്‍ നിശ്ചയിക്കണമെന്ന് ഗവര്‍ണര്‍ വിസിയോട് നിര്‍ദേശിച്ചത്. എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ പ്രമേയം പാസാക്കിയതിനാല്‍ ഇനിയൊരു സെനറ്റ് യോഗത്തിന് പ്രസക്തിയില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്.

സിൻഡിക്കേറ്റ് യോഗം തിങ്കളാഴ്ച ചേരും

ഉടന്‍ സെനറ്റ് യോഗം വിളിക്കാനാവില്ലെന്ന സിന്‍ഡിക്കേറ്റ് തീരുമാനം വിസി ഗവര്‍ണറെ അറിയിച്ചു. എന്നാല്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ എത്രയും വേഗം തീരുമാനിക്കണമെന്ന നിലപാടാണ് രാജ്ഭവന്‍ ആവര്‍ത്തിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സിന്‍ഡിക്കേറ്റ് യോഗം ചേരുന്നുണ്ട്. നിയമസാധ്യതയടക്കം യോഗം പരിശോധിച്ചേക്കും.

കേരള സര്‍വകലാശാലാ വിസി മഹാദേവന്‍ പിള്ളയുടെ കാലാവധി അടുത്തമാസം 24 ന് അവസാനിക്കും. വിസിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്ന് മാസം മുന്‍പ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ചട്ടം. നിലവിലെ നിയമപ്രകാരം മൂന്നംഗങ്ങളാണ് സമിതിയിലുളളത്. ഗവര്‍ണരുടെ പ്രതിനിധിയായി കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാഷിഷ് ചാറ്റര്‍ജി, യുജിസി പ്രതിനിധിയായി കര്‍ണാടക കേന്ദ്ര സര്‍വകലാശാല വിസി ഡോ. ബട്ടു സത്യനാരായണ എന്നിവരാണ് നിലവിലെ സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. കേരളാ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി കെ രാമചന്ദ്രന്റെ പേര് സര്‍വകലാശാല സെനറ്റ് സെര്‍ച്ച് കമ്മിറ്റിയിലേക്ക് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വി കെ രാമചന്ദ്രന്‍ പിന്‍മാറി. പകരം ആളെ നിര്‍ദേശിക്കാന്‍ സര്‍വകലാശാല ഇതുവരെ തയ്യാറായിട്ടില്ല. പിന്നീട് ചേര്‍ന്ന സെനറ്റ് യോഗം, സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ പ്രമേയം പാസാക്കുകയാണ് ചെയ്തത്.

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല നിയമഭേദഗതി ബില്ലിന് അംഗീകാരം ലഭിക്കും വരെ വിസി നിയമന നടപടി സര്‍വകലാശാല വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സര്‍ക്കാരിന് സ്വാധീനമുള്ള രണ്ടംഗങ്ങള്‍ കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അധികമായി വരും. നിലവില്‍ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി അപ്രസക്തമാക്കാനാണ് പുതിയ നിയമത്തിന് ഓഗസ്റ്റ് മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ബില്ലില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. കേരള സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ സര്‍ക്കാര്‍ തുടരുന്നത് വിസി നിയമനം അനിശ്ചിതത്വത്തിലാക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ