ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കെപിസിസി നേതൃയോഗത്തിന്റെ രാഷ്ട്രീയ പ്രമേയം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക, വര്‍ഗീയ ധ്രൂവീകരണത്തിനായുളള ശ്രമത്തിന്റെ ഭാഗമായാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി ലക്ഷ്യമിടുന്നതെന്ന് യോഗം വിലയിരുത്തി. വിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്നും വിമർശിച്ചു. ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച് പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിലാണ് കെപിസിസി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ വൈവിദ്യങ്ങളെ ഇല്ലാണ്ടാക്കാനാണ് നിയമം കൊണ്ടു വരുന്നതിലൂടെ ബിജെപി ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍ വിവിധ ഘട്ടങ്ങളില്‍ ഏകവ്യക്തി നിയമം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴൊക്കെ രാജ്യത്ത് അതിനുള്ള അനുകൂല സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. എന്നാൽ നിലവിൽ, സിപിഎം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും കെപിസിസി പ്രമേയത്തിൽ പറയുന്നു.
ഏകവ്യക്തി നിയമം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന പ്രചാരണം നടത്തി അതില്‍നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം മുമ്പും പല തവണ ഇത്തരത്തിലുളള ഇരട്ടത്താപ്പ് നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പൗരത്വനിയമവുമായി ബന്ധപ്പെട്ട് നടത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ ഉറപ്പുനല്കിയിട്ടും സിപിഎം അത് നടപ്പാക്കിയില്ലെന്നും ഷാബാനു കേസില്‍ കോടതി വിധി വന്നതിനെ തുടര്‍ന്ന് ഏകവ്യക്തി നിയമം വേണമെന്ന് ആവശ്യപ്പെടുകയും ചെ്യ്ത പാർട്ടിയാണ് സിപിഎമ്മെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
"1985ല്‍ ഷാബാനു കേസില്‍ കോടതി വിധി വന്നതിനെ തുടര്‍ന്ന് ഏകവ്യക്തി നിയമം വേണമെന്ന് വ്യക്തമായ നിലപാടെടുക്കുകയും 1987ലെ തിരഞ്ഞടുപ്പില്‍ ശരിയത്തിനെ കടന്നാക്രമിച്ച് ഹിന്ദുവര്‍ഗീയത ഇളക്കിവിടുകയാണ് ഇഎംഎസ് ചെയ്തത്. അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നിയമനിര്‍മാണത്തിലൂടെ മുസ്ലീം ജനവിഭാഗത്തിന് സംരക്ഷണം നല്കിയത്. ന്യൂനപക്ഷ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി ഏകവ്യക്തി നിയമം നടപ്പാക്കാന്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തണമെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ ആഹ്വാനം" പ്രമേയത്തിൽ പറയുന്നു.
മോദി സര്‍ക്കാര്‍ 2016ല്‍ നിയോഗിച്ച ജസ്റ്റിസ് ബിഎസ് ചൗഹാന്‍ നിയമ കമ്മീഷന്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏകവ്യക്തി നിയമം ഇപ്പോള്‍ നടപ്പാക്കേണ്ട ആവശ്യമേയില്ലെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് പൊതു തിരഞ്ഞെടുപ്പുകളിലും ബിജെപി ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നത് ജനങ്ങളുടെ ഇടയില്‍ ഭിന്നത വളര്‍ത്താനുളള സംഘപരിവാര്‍ ശ്രമമായിരുന്നു. ഏകവ്യക്തി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ബിജെപിക്കുളളിലും അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പ്രമേയത്തിൽ പറയുന്നു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏകവ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. ഏകവ്യക്തി നിയമത്തിനെതിരെ കോണ്‍ഗ്രസിന് വ്യക്തവും ശക്തവുമായ നിലപാടാണ് ഉളളത്. ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
രാജ്യത്ത് ഏകവ്യക്തി നിയമം നടപ്പാക്കേണ്ട രാഷ്ട്രീയ, സാമൂഹ്യ സാഹചര്യം നിലവിലില്ലാത്തതിനാല്‍ രാജ്യതാത്പര്യത്തിനു വിരുദ്ധമായി അവ നടപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ എതിര്‍പ്പ് കെപിസിസി നേതൃയോഗം രേഖപ്പെടുത്തി. വിഷയത്തിൽ ബിജെപിയും സിപിഎമ്മും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തുറന്നു കാട്ടിക്കൊണ്ടു സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ എല്ലാവരോടും അണിനിരക്കാനും യോഗം ആഹ്വാനം ചെയ്തു.
ഏക സിവിൽ കോഡ് വിഷയത്തിൽ കെപിസിസിയുടെ നിലപാട് തന്നെയാണോ എഐസിസിക്കും ഉള്ളതെന്ന് മല്ലികാർജുന ഖാർഗെ വ്യക്തമാക്കണംകെ സുരേന്ദ്രന്‍
അതേസമയം, ഏക സിവിൽ കോഡിനെതിരെ പ്രചരണം നടത്താനുള്ള കെപിസിസിയുടെ തീരുമാനം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. വർഗീയ ധ്രുവീകരണത്തിന് വേണ്ടി സിപിഎമ്മിനോട് മത്സരിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
ഏക സിവിൽ കോഡ് വിഷയത്തിൽ കെപിസിസിയുടെ നിലപാട് തന്നെയാണോ എഐസിസിക്കും ഉള്ളതെന്ന് മല്ലികാർജുന ഖാർഗെ വ്യക്തമാക്കണം. കോൺഗ്രസിൻ്റെയും ഇടതുപക്ഷത്തിൻ്റെയും നിലപാട് കടുത്ത സ്ത്രീവിരുദ്ധമാണ്. മുസ്ലിം സ്ത്രീകളും പുരോഗമന ചിന്താഗതിക്കാരും ഇതിനെതിരെ രംഗത്ത് വരണം. നാല് വോട്ടിന് വേണ്ടി നവോത്ഥാനശ്രമങ്ങളെ പിന്നിൽ നിന്നും കുത്തുന്ന കോൺഗ്രസ് - സിപിഎം പാർട്ടികൾക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുക തന്നെ ചെയ്യും. ലോകത്ത് എല്ലാ വികസിത രാജ്യങ്ങൾക്കും ഒരു പൊതുനിയമമുണ്ടെന്ന കാര്യം ഇത്തരം പിന്തിരിപ്പൻ രാഷ്ട്രീയ പാർട്ടികൾ മനസിലാക്കണം. സിഎഎ സമരത്തിന് സമാനമായ രീതിയിൽ തീവ്രവാദികളുമായി ചേർന്ന് നാടിൻ്റെ സമാധാനം തകർക്കാനാണ് ഇരു മുന്നണികളുടേയും തീരുമാനമെങ്കിൽ ശക്തമായ ജനകീയ പ്രതിരോധമുണ്ടാവുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.