സർവകലാശാലകളിലെ വൈസ് ചാന്‍സലർ നിയമനത്തില്‍ ചാന്‍സലറായ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് ബില്‍ അവതരിപ്പിച്ചത്. സെർച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി റെഗുലേഷന് വിരുദ്ധമാണെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ സഭയില്‍ പറഞ്ഞു. എന്നാല്‍ ചട്ടത്തിന് വിരുദ്ധമല്ലെന്ന് മന്ത്രി മറുപടി നല്‍കി. കമ്മിറ്റിയില്‍ അംഗങ്ങളുടെ എണ്ണവും ഇവർ ആരൊക്കെയാകണമന്നും യുജിസി നിഷ്കർഷിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ശുപാർശ പ്രകാരമാണ് ഭേദഗതിയെന്നും ആർ ബിന്ദു വ്യക്തമാക്കി.
ബില്‍ ചാന്‍സലറുടെ അധികാരം കുറയ്ക്കില്ലെന്ന് മന്ത്രി വിശദീകരിച്ചു. വൈസ് ചാൻസലർമാരെ കുറ്റമറ്റ രീതിയില്‍ നിയമിക്കാന്‍ ഭേദഗതി അത്യാവശ്യമാണെന്നും ഭരണാഘടനാവിരുദ്ധമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് നിയമമന്ത്രിയും വ്യക്തമാക്കി. ബില്‍ അവതരണത്തിന് നിയമപ്രശ്നമില്ലെന്ന് പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി സ്പീക്കർ പറഞ്ഞു.
ആഗസ്റ്റ് 16ന് ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. വി സി നിയമനസമിതിയുടെ ഘടന മാറ്റുന്നതാണ് ഭേദഗതി . നിലവില്‍ ഗവര്‍ണര്‍, യുജിസി, സര്‍വകലാശാല, എന്നിവരുടെ നോമിനികളായി മൂന്ന് അംഗങ്ങളാണ് സമിതിയിലുള്ളത്. അത് അഞ്ചാക്കി ഉയർത്തും. ഭേദഗതി പ്രകാരം ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗവും ഒരു സര്‍ക്കാര്‍ പ്രതിനിധിയും സമിതിയില്‍ ഇടംപിടിക്കും. നിലവില്‍ കേരളത്തിലെ സർവകലാശാലകളുടെ സെർച്ച് കമ്മിറ്റിയില്‍ ഗവർണറാണ് അധികാര കേന്ദ്രം. ഗവർണറുടെയും യുജിസിയുടെയും അതത് സർവകലാശാലകളുടെയും പ്രതിനിധികളായ മൂന്ന് പേരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്.