KERALA

കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് ബ്ലോക്ക് നിര്‍മാണം; ടെന്‍ഡര്‍ ക്ഷണിക്കാതെ ഊരാളുങ്കലിന് കൈമാറില്ല

ഓപ്പണ്‍ ടെന്‍ഡര്‍ ചട്ടം പാലിക്കാതെയാണ് ഊരാളുങ്കലിന് നിര്‍മാണ ചുമതല നല്‍കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നത്

ദ ഫോർത്ത് - കോഴിക്കോട്

കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മാണം ടെന്‍ഡര്‍ ക്ഷണിക്കാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിച്ചു. ഓപ്പണ്‍ ടെന്‍ഡര്‍ ചട്ടം പാലിക്കാതെ ഏകപക്ഷീയമായി ഊരാളുങ്കലിന് നിര്‍മാണ ചുമതല നല്‍കാന്‍ സിന്‍ഡിക്കേറ്റ് യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. 26.50 കോടി രൂപ ചെലവിട്ടാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിങ് വിഭാഗത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കിടെക്റ്റുകളുടെ വിദഗ്ദ സേവനം ഉപയോഗപ്പെടുത്താനായി ടെൻഡർ ക്ഷണിക്കാനും തീരുമാനമായിട്ടുണ്ട്.

സ്വന്തമായി എന്‍ജിനീറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടെങ്കില്‍ മറ്റ് ഏജന്‍സികളെ കെട്ടിട നിര്‍മാണമടക്കമുള്ള ചുമതല ഏല്‍പ്പിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോഴാണ് കാലിക്കറ്റ് സര്‍വകലാശാല പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ സിന്‍ഡിക്കേറ്റില്‍ തന്നെ വിയോജിപ്പുയര്‍ന്നിരുന്നു.

പ്ലാനും എസ്റ്റിമേറ്റുമടക്കം മുഴുവന്‍ ജോലികളും ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനാണ് ഫെബ്രുവരി 16ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നത്. നേരത്തെ ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ച് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നതാണ് ഏകപക്ഷീയമായി ഊരാളുങ്കലിന് കൈമാറാനിരുന്നത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രതിപക്ഷ അംഗം ഡോ. റഷീദ് അഹമ്മദ് മാത്രമാണ് നടപടിയെ എതിര്‍ത്തത്.

സാധാരണ ഗതിയില്‍ നിശ്ചയിച്ച തുകയിലും 25 മുതല്‍ 30 ശതമാനം വരെ കുറവിലാണ് സര്‍വകലാശാലയിലെ നിര്‍മാണ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടക്കാറുള്ളത്. നിശ്ചയിച്ച തുകയ്ക്ക് തന്നെ നിര്‍മാണം ഊരാളുങ്കലിന് കൈമാറുമ്പോള്‍ ഈ കുറവ് ലഭിക്കുകയില്ല. മാത്രമല്ല കണ്‍സള്‍ട്ടന്‍സി ഫീസും അധികമായി നല്‍കേണ്ടി വരുമായിരുന്നു.

പുതിയ അക്കാദമിക്ക് ബ്ലോക്കിന് വകയിരുത്തിയ തുകയേക്കാള്‍ വലിയ നിര്‍മാണ പ്രവര്‍ത്തികള്‍ സർവകലാശാലയിലെ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 54 കോടിയിലേറെ ചെലവിട്ട് നിര്‍മിക്കുന്ന ബ്ലോക്കിന്റെ പണി പൂര്‍ണമായും സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിഭാഗമാണ് ഏറ്റെടുത്തിരിക്കുന്നത്.

നിലവില്‍ 50 ലേറെ ജീവനക്കാര്‍ സർവകലാശാലയുടെ എന്‍ജിനീയറിങ് വിഭാഗത്തിലുണ്ട്. ഇത്രയും ജീവനക്കാരും സൗകര്യങ്ങളും ഉണ്ടെന്നിരിക്കെ ഏകപക്ഷീയമായി ഊരാളുങ്കലിനെ പണി ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണുയര്‍ന്നിരുന്നത്. ഈ പശ്ചാതലത്തിലാണ് തീരുമാനം പിൻവലിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ