ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ രംഗം വീണ്ടും പ്രക്ഷുബ്ദമാകുമ്പോള്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ബഫര്‍സോണ്‍ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ നിലപാടിനെതിരെ കെസിബിസി പ്രത്യക്ഷ നിലപാടെടുത്ത് തെരുവിലിറങ്ങുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് വ്യക്തമാക്കുന്നത്.
പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യംപ്രതിപക്ഷ നേതാവ് വിഡി സതീശന്‍
പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനികില്ല. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് സെന്റര്‍ പുറത്ത് വിട്ട മാപ്പില്‍ നദികള്‍, റോഡുകള്‍, വാര്‍ഡ് അതിരുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമപരമായ വീഴ്ചകള്‍ പോലും പരിഹരിക്കാന്‍ തയാറാകാതെ കര്‍ഷകരോടുള്ള നിഷേധാത്മക നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
നിയമപരമായ വീഴ്ചകള്‍ പോലും പരിഹരിക്കാന്‍ തയാറാകാതെ കര്‍ഷകരോടുള്ള നിഷേധാത്മക നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിച്ച് കര്‍ഷകരുടെയും മലയോര മേഖലയിലെ സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്നതാണ് യുഡിഎഫ് നിലപാട്. കര്‍ഷരെയും സാധാരണക്കാരെയും ചേര്‍ത്തു നിര്‍ത്തേണ്ട സര്‍ക്കാര്‍ ബഫര്‍ സോണിന്റെ പേരില്‍ അവരെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യത്വ രഹിതവും കര്‍ഷക വിരുദ്ധവുമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണി നിരത്തി യുഡിഎഫ് പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒളിച്ചുകളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആരോപിച്ചു. പരിസ്ഥിതിലോല മേഖലയില്‍ പഞ്ചായത്ത് തല വിദഗ്ധ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട് സര്‍വേയും പഠനവും നടത്തി വേണം ബഫര്‍സോണ്‍ പരിധി സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാൻ .ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്തു അടയാളപ്പെടുത്തിയാല്‍ മാത്രമെ ബഫര്‍സോണ്‍ പരിധി കൃത്യമായി മനസിലാക്കാന്‍ സാധിക്കൂ എന്നും സുധാകരന്‍ പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
അതിനിടെ, ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഏരിയല്‍ സര്‍വേ സംബന്ധിച്ച് സംസ്ഥാനമാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. വിഷയത്തില്‍ കേന്ദ്രത്തിന് പ്രത്യേകം അജണ്ടകളില്ല. കേന്ദ്ര നിലപാട് കര്‍ഷകരോടൊപ്പം നില്‍ക്കുന്നതാണ്. എന്നാല്‍ വിഷയത്തെ രാഷ്ട്രീയ മായി ഉപയോഗിക്കുകയാണ് സംസ്ഥാനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാറാണ് വീഴ്ച വരുത്തിയത് എന്ന് സഭയ്ക്കും കര്‍ഷകര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
സമരത്തില്‍ നിന്നും പിന്മാറാന്‍ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ തയ്യാറാകണംവനം മന്ത്രി എ കെ ശശീന്ദ്രന്‍
ബഫര്‍സോണ്‍ വിഷയത്തില്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്ന് ജോസ് കെ മാണി എംപിയും പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോസ് കെ മാണിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്നായിരുന്നു വനം മന്ത്രിയുടെ പ്രതികരണം.
ബഫര്‍ സോണ്‍ വിഷയത്തില്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ തയ്യാറാകണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. നിലവിലെ കമ്മീഷന്റെ കാലാവധി കൂട്ടുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കും. രാഷ്ട്രീയ സമരങ്ങള്‍ക്ക് മത മേലധ്യക്ഷന്മാര്‍ കൂട്ടുനില്‍ക്കരുത്. സര്‍ക്കാരുമായി സഹകരിക്കണം. കെസിബിസി യുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്. ബഫര്‍ സോണ്‍ വിഷയത്തിലുള്ള കെസിബി സിയുടെ സമരം ദൗര്‍ഭാഗ്യകരമാണെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട് പ്രതികരിച്ചു.
ബഫര്‍സോണ്‍ വിഷയത്തില്‍ ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടണംകെസിബിസി
അതിനിടെ, ബഫര്‍സോണ്‍ വിഷയത്തില്‍ ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിഷയത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം വേണെന്ന് ക്ലീമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. സമയ ബന്ധിതമായി വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാട്. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ മറ്റന്നാള്‍ ജനജാഗ്രത യാത്ര നടത്തും. സര്‍വെ റിപ്പോര്‍ട്ടിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാ സംഘും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്തു വന്നു. വനം വകുപ്പ് ഓഫീസിനു മുന്നില്‍ റിപ്പോര്‍ട്ട് കത്തിച്ചു കൊണ്ടായിരുന്നു രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ പ്രതിഷേധം. കോടതി വിധികളിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ തുടക്കമാണ് ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.