മലയാളിയായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വിരമിക്കുമ്പോള്‍, ആ സ്ഥാനത്തേക്ക് വരുന്ന സീനിയര്‍ അഡ്വക്കേറ്റ് ആര്‍ വെങ്കടരമണിയും കേരളത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്നയാള്‍. തികഞ്ഞ ഗുരുവായൂരപ്പ ഭക്തനാണ് പുതിയ അറ്റോര്‍ണി ജനറല്‍. ഇടയ്ക്കിടെ ഡല്‍ഹിയിലെ തിരക്കില്‍ നിന്ന് ഓടിയെത്തി ഗുരുവായൂരില്‍ കണ്ണനെ കണ്ടു വണങ്ങി, ഭജനം ഇരുന്ന് മനഃശാന്തി നേടുന്നയാള്‍.
ഗുരുവായൂര്‍ ദേവസ്വവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയില്‍ വാദിച്ചിട്ടുള്ള ആര്‍ വെങ്കടരമണി ഈടാക്കിയത് കുറഞ്ഞ തുക
ഗുരുവായൂര്‍ ദേവസ്വവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയില്‍ വാദിച്ചിട്ടുള്ള ഇദ്ദേഹം കുറഞ്ഞ ഫീസ് മാത്രമാണ് ആ കേസുകളില്‍ വാങ്ങിയിട്ടുള്ളതെന്ന് ദേവസ്വവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ചുമതല ഏറ്റെടുത്താല്‍ അധികം വൈകാതെ തന്നെ ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങാന്‍ വെങ്കടരമണി ഓടിയെത്തുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
നിയമ പണ്ഡിതന്‍ എന്‍ ആര്‍ മാധവ മേനോന്റെ പ്രിയ ശിഷ്യനായിരുന്നു
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കുറച്ചു വര്ഷം ആലപ്പുഴയിലെ താമസക്കാരനായിരുന്നു അഡ്വക്കേറ്റ് വെങ്കടാരമണി. അവിടെ ഒരു സ്പിന്നിങ് മില്ലില്‍ ഉന്നത ഉദ്യോഗസ്ഥനായ പിതാവിനോടൊപ്പമാണ് അദ്ദേഹം ആലപ്പുഴയില്‍ താമസിച്ചത്.
ഇനിയുമുണ്ട് പുതിയ എജിയുടെ മലയാളി ബന്ധം. നിയമ പണ്ഡിതന്‍ എന്‍ ആര്‍ മാധവ മേനോന്റെ പ്രിയ ശിഷ്യനായിരുന്നു അദ്ദേഹം. മേനോന്‍ മരിക്കുന്നതുവരെ തുടര്‍ന്ന സുദൃഢമായ ഗുരു ശിഷ്യ ബന്ധം. സങ്കീര്‍ണമായ നിയമ സമസ്യകള്‍ മുന്നിലെത്തുമ്പോള്‍ മാധവ മേനോന്റെ അഭിപ്രായം വെങ്കടരമണ പലപ്പോഴും തേടാറുണ്ടായിരുന്നു.
പോണ്ടിച്ചേരിയില്‍ 1950 ഏപ്രില്‍ 13 നു ജനിച്ച വെങ്കടരമണ 1977 ലാണ് തമിഴ്നാട് ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്യുന്നത്. രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ സുപ്രീം കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. 1997 ഇല്‍ സീനിയര്‍ അഡ്വക്കേറ്റ് പദവി ലഭിച്ച അദ്ദേഹം രണ്ടു തവണ ലോ കമ്മീഷന്‍ അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു.
അടുത്തിടെ സുപ്രീം കോടതിയില്‍ കര്‍ണാടക ഹിജാബ് നിരോധന കേസില്‍ ഉഡുപ്പി കോളജിലെ അധ്യാപകര്‍ക്ക് വേണ്ടി ഹാജരായ അദ്ദേഹം വിദ്യാലയങ്ങളില്‍ ഒരു തരത്തിലുമുള്ള മത ചിഹ്നങ്ങള്‍ പാടില്ലെന്ന് ശക്തമായി വാദിച്ചിരുന്നു. മത ചിഹ്നങ്ങള്‍ സ്വതന്ത്രമായ വിജ്ഞാന കൈമാറ്റത്തിന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയിലുള്ള തടസ്സമാകുമെന്നും ഏറ്റവും ചെറിയ തടസങ്ങള്‍ പോലും വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.