KERALA

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക്: ഉറപ്പ് പരിശോധിക്കാന്‍ ഊരാളുങ്കലിന്റെ കീഴ്സ്ഥാപനം

പഠനത്തിന് മാറ്റര്‍ ലാബിനെ ഏല്‍പ്പിച്ചതിന് പിന്നിലും കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നിലും ഒത്തുകളിയെന്ന് ആരോപണം

ദ ഫോർത്ത് - കൊച്ചി

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ഉറപ്പ് പരിശോധിക്കാന്‍ ഊരാളുങ്കല്‍ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ കീഴ്സ്ഥാപനം. കോഴിക്കോട് ആസ്ഥാനമായ മാറ്റര്‍ മെറ്റീരിയല്‍ ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തെയാണ് മണ്ണിന്റെ ഉറപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ നീക്കത്തിനുപിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം.

കക്കാടം പെയിലിലെ പി വി ആര്‍ നാച്ചുറോ പാര്‍ക്ക് തുറക്കാന്‍ അനുമതിക്കായി പി വി അന്‍വര്‍ എംഎല്‍എ സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കുട്ടികളുടെ പാര്‍ക്ക് തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. തുടര്‍പരിശോധനയ്ക്കുശേഷം മാത്രമേ പാര്‍ക്ക് പൂര്‍ണമായും തുറക്കാനാവുകയുള്ളൂയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതേത്തുടർന്നാണ് പഠനത്തിന് മാറ്റര്‍ ലാബിനെ ചുമതലപ്പെടുത്തിയത്. ലാബ് നല്‍കുന്ന റിപ്പോര്‍ട്ടിനെ ആശ്രയിച്ചാവും പാര്‍ക്ക് പൂര്‍ണമായും തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

പഠനത്തിന് മാറ്റര്‍ ലാബിനെ ഏല്‍പ്പിച്ചതിന് പിന്നിലും കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നിലും ഒത്തുകളിയുണ്ടെന്ന ആരോപണം ശക്തമായിരിക്കുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് കേരള നദീസംരക്ഷണ സമിതിയുടെ ആരോപണം.

''മണ്ണിന്റെ ഉറപ്പ് പരിശോധിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള മാറ്റര്‍ ലാബിനെ ചുമതലപ്പെടുത്തിയതില്‍ ഒത്തുകളിയുണ്ട്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിലെ വ്യവസ്ഥകള്‍ പാര്‍ക്കില്‍ പാലിക്കപ്പെട്ടിട്ടില്ല. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശമായതിനാല്‍ പ്രദേശത്ത് മഴക്കുഴി പോലും പാടില്ല എന്ന നിര്‍ദേശം പാലിക്കാതെയാണ് മലകളുടെ വശങ്ങള്‍ ഇടിച്ച് പാര്‍ക്ക് നിര്‍മിച്ചത്. പ്രദേശം വലിയ തോതില്‍ ഉരുള്‍പൊട്ടല്‍ മേഖലയാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പാര്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനുപിന്നില്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദവും ഗൂഢാലോചനയുമുണ്ട്,'' കേരള നദീസംരക്ഷണ സമിതി അംഗം ടി വി രാജന്‍ പ്രതികരിച്ചു.

പാര്‍ക്കിലെ നാല് തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ പല തവണ നിര്‍ദേശിച്ചശേഷമാണ് തടയണകള്‍ പൊളിച്ചുനീക്കിയത്. ' നാലും ഭാഗികമായി പൊളിച്ചതല്ലാതെ അത് നീക്കിയിട്ടില്ല. നാലും ചേര്‍ത്ത് പുതിയ കോണ്‍ക്രീറ്റ് ഡ്രെയ്‌നേജ് നിര്‍മിച്ചിരിക്കുകയാണ്. അതിലൂടെയാണ് ഇപ്പോള്‍ വെള്ളം ഒഴുക്കിവിടുന്നത്. കോടതി ഉത്തരവിന്റെ ലംഘനമായതിനാല്‍ അതിനെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും രാജൻ കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ പാര്‍ക്ക് തുറക്കാനാണ് സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയത്. പാര്‍ക്ക് തുറക്കാന്‍ അനുമതിക്കായി പി വി അന്‍വര്‍ എംഎല്‍എ സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. പ്രദേശത്ത് അപകട സാധ്യതയില്ലെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളില്‍ ആയിരിക്കണം, വാച്ചര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണമെന്നും പ്രവർത്തനാനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ബാക്കി നിര്‍മാണങ്ങളില്‍ അപകടസാധ്യതാ പരിശോധന നടത്തണമെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. അക്കാര്യമാണ് കോഴിക്കോട് മാറ്റര്‍ ലാബിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

2018ല്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. അപകടസാധ്യതയേറെയെന്ന് ദുരന്തനിവാരണ അതോറിറ്റി രേഖപ്പെടുത്തിയ പ്രദേശമാണ് കക്കാടംപൊയില്‍. എന്നാല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് അനുകൂലമായാണ് കൂടരഞ്ഞി പഞ്ചായത്ത് നിലപാട് എടുത്തിരുന്നത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി