വീഡിയോ വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടികള്‍ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നരേന്ദ്രമോദിക്കെതിരെ വാർത്ത നല്‍കിയതിനാണ് ബിബിസിയെ കേന്ദ്രം വേട്ടയാടിയത്. അതുപോലെ അവസരം കിട്ടിയപ്പോൾ സർക്കാർ ഏഷ്യാനെറ്റിനെ വേട്ടയാടുകയാണെന്നും വി ഡി സതീശൻ നിയമസഭയില്‍ ആരോപിച്ചു. എറണാകുളത്തെ എഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് നടന്ന എസ്എഫ്ഐ പ്രതിഷേധം സംബന്ധിച്ച് വിഷയം സഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ തെറ്റ് ചെയ്താൽ വിമർശിക്കാനും പ്രതിഷേധിക്കാനും, ക്രിമിനൽ കുറ്റം ചെയ്താൽ കേസെടുക്കാനും അവകാശമുണ്ട്. എന്നാൽ ആരോപണവിധേയരുടെ മൊഴി എടുക്കുന്നതിന് മുൻപായി ജീവനക്കാരെ ബന്ദിയാക്കി ചാനലിന്റെ ഓഫീസിൽ റെയ്ഡ് നടത്തി. ആരോപണങ്ങളെ പരിശോധിക്കാൻ സംവിധാനങ്ങൾ ഉണ്ടായിരിക്കെ സർക്കാർ സ്വീകരിച്ചത് ഫാസിസ്റ്റ് സമീപനമാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ സ്കൂളുകളെ തകർത്ത് കുട്ടികളുടെ എണ്ണം കുറയ്ക്കാൻ വേണ്ടി ഏഷ്യാനെറ്റ് കെട്ടിച്ചമച്ച വാർത്തയെന്നാണ് സർക്കാർ ആരോപിക്കുന്നത്. എന്നാൽ വർത്തയ്‌ക്കെതിരെ വന്ന പരാതി പരസ്പരവിരുദ്ധമാണെന്നും, സംഭവം വ്യാജമാണെന്ന് പറഞ്ഞ സർക്കാർ പോക്സോ കേസെടുക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.സർക്കാരിനെ പ്രതിരോധത്തിലാക്കിയ തില്ലങ്കേരി കേസ് അടക്കമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടറെയും ചാനലിനെയും അക്രമിക്കുകയെന്നതാണ് സർക്കാരിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏഷ്യാനെറ്റ് വീഡിയോ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്തപ്പോൾ യാഥാർത്ഥമല്ലെന്ന് സൂചിപ്പിക്കണമായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
നവംബറിൽ പ്രക്ഷേപണം ചെയ്ത പരമ്പരയുടെ പേരിൽ മാർച്ച് മൂന്നിന് പി വി അൻവർ എംഎൽഎ ചോദിച്ച ചോദ്യങ്ങൾ ഫെബ്രുവരി അവസാനത്തോടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർച്ച് രണ്ടിന് കൂത്തുപറമ്പിലെ നിയമവിദ്യാർത്ഥി ഇമെയിലിലൂടെ നൽകിയ പരാതിക്കാണ് മാർച്ച് മൂന്നിന് മുഖ്യമന്ത്രി മറുപടി പറയുകയും ഇതിന് തൊട്ടുപിന്നാലെ എസ് എഫ് ഐ ഏഷ്യാനെറ്റ് ഓഫീസിൽ അതിക്രമിച്ചു കയറി പ്രതിഷേധിക്കുകയും ചെയ്തു. അതേദിവസം തന്നെയാണ് ചാനലിനെതിരെ സർക്കാർ കേസെടുക്കുകയും ചെയ്തത്. ഇക്കാര്യങ്ങൾ എല്ലാം കൂട്ടിവായിക്കുമ്പോൾ ഏഷ്യാനെതിരെ നേരത്തെ ആസൂത്രണം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കുകയായിരുന്നുവെന്ന് മനസിലാകുമെന്നും അദ്ദേഹം ആരോപിച്ചു.