ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രീയ നേതാക്കൾ. വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു മാര്‍ ജോസഫ് പൗവത്തിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അജപാലന രംഗത്തും സാമൂഹ്യ നവോത്ഥാന മേഖലയിലും സൂര്യശോഭയോടെ തിളങ്ങിയ ഇടയ ശ്രേഷ്ഠനെയാണ് നഷ്ടമായതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി അനുശോചിച്ചു.
സഭയുടെ കിരീടം എന്നാണ് ബനഡിക്ട് മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചതെന്ന് വി ഡി സതീശൻ. സിറോ മലബാർ സഭയുടെ തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും മാർ ജോസഫ് പൗവത്തിലായിരുന്നു. ഗുരുശ്രേഷ്ഠനായ ആർച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു '. പ്രതിപക്ഷ നേതാവ് അനുശോചിച്ചു.
സഭക്ക് ദിശാബോധം നൽകിയ ഇടയശ്രേഷ്ഠനെയാണ് നഷ്ടപ്പെട്ടതെന്ന് കെസിബിസി
ലാളിത്യവും, നിഷ്ഠയോടെയുള്ള ആത്മീയ ജീവിത ചര്യയും മുഖമുദ്രയായിരുന്ന പിതാവ് മതമൈത്രിയ്ക്കും മഹാ മാനവികതയ്ക്കുമായി എന്നും നിലകൊണ്ട വ്യക്തിയായിരുന്നുവെന്ന് ജോസ് കെ മാണി അനുശോചിച്ചു. 'കെസിബിസി ചെയർമാൻ, സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ സഭയ്ക്കും സമൂഹത്തിനും വിലമതിക്കാനാവാത്ത സേവനം നൽകി. സീറോ മലബാർ സഭയും വിശ്വാസവും പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മുന്നണി പോരാളിയായി നിന്നു നയിച്ചു' ജോസ് കെ.മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുശോചനം രേഖപ്പെടുത്തി.
സഭക്ക് ദിശാബോധം നൽകിയ ഇടയശ്രേഷ്ഠനെയാണ് നഷ്ടപ്പെട്ടതെന്ന് കർദിനാൾ ക്ലിമ്മീസ് അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം കനത്ത നഷ്ടമാണെന്നും സഭയുടെ മാർഗദർശിയെ നഷ്ടമായെന്നും മാർ ആൻഡ്രൂസ് താഴത്ത് അനുശോചിച്ചു.