ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ താരങ്ങള്‍ അഭിനയിക്കുന്നതിനെ നിയമം മൂലം നിരോധിക്കാനാകില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഓൺലൈൻ ചതിക്കുഴികളുടെ ഇത്തരം പരസ്യചിത്രങ്ങളില്‍ താരങ്ങള്‍ അഭിനയിക്കുന്നത് വിലക്കാനാകുമോയെന്ന കെ.ബി ഗണേഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു നിയമസഭയില്‍ മന്ത്രിയുടെ മറുപടി.
ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ ഗായകരായ വിജയ് യേശുദാസും റിമി ടോമിയും അഭിനയിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സജയനെ കടക്കെണിയിലാക്കിയത് ഓണ്‍ലൈന്‍ റമ്മി കമ്പമാണ്. സംസ്ഥാനത്തൊട്ടാകെ ഇത്തരം നിരവധി കേസുകളുണ്ട്. അതിനാല്‍ സെലിബ്രറ്റി സ്റ്റാറ്റസുള്ളവര്‍ ഇത്തരം പരസ്യങ്ങളില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ ആവശ്യം.
എന്നാല്‍, പരസ്യത്തില്‍ അഭിനയിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് താരങ്ങള്‍ ആണെന്നായിരുന്നു മന്ത്രിയുടെ മറുപടി. സര്‍ക്കാരിനും പ്രതിപക്ഷത്തിനും അവരോട് അഭ്യര്‍ഥിക്കുക മാത്രമേ ചെയ്യാനാകൂവെന്നും മന്ത്രി വാസവന്‍ സഭയെ അറിയിച്ചു.