കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ആദ്യ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് തിരിച്ചെത്തി. കണ്ണൂരില്‍ നിന്നും 7മണിക്കൂര്‍ 20 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. 2.10ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ 9.30നാണ് എത്തിച്ചേര്‍ന്നത്. കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് 7മണിക്കൂര്‍ 10 മിനിറ്റാണ് ട്രെയിന് വേണ്ടിവന്നതെങ്കില്‍ മടക്കയാത്രയ്ക്ക് 10 മിനിറ്റ് അധികം വേണ്ടിവന്നു.
വന്ദേഭാരതിന്റെ പരീക്ഷണഓട്ടത്തിന്റെ ഭാഗമായി ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ പരീക്ഷണഓട്ടം പൂര്‍ത്തിയാക്കിയതോടെ കേരളത്തില്‍ നിലവിലുള്ള ട്രെയിനുകളില്‍ ഏറ്റവും വേഗമേറിയ ട്രെയിനായി വന്ദേഭാരത് മാറി.
കേരളത്തില്‍ നിലവിലോടുന്ന വേഗമേറിയ ട്രെയിനുകളായ രാജധാനി എക്‌സ്പ്രസിനെക്കാളും ജനശതാബ്ദിയെക്കാളും ഒന്ന് മുതല്‍ രണ്ട് മണിക്കൂറോളം കുറവാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട ട്രെയിന്‍ 12.20നാണ് കണ്ണൂരെത്തിയത്.
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തെത്താന്‍ മൂന്ന് മണിക്കൂര്‍ 18 മിനിറ്റാണ് വന്ദേഭാരതിന് വേണ്ടിവന്നത്. ആലപ്പുഴ വഴിയുള്ള ജനശതാബ്ധിക്കും രാജധാനിക്കും വേണ്ടിവരുന്ന സമയത്തിന് സമാനമാണ് ഇത്. എന്നാല്‍ കോട്ടയം വഴിയുള്ള രാജ്യറാണിയെക്കാള്‍ ഒരു മണിക്കൂറും മലബാര്‍ എക്സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളെക്കാള്‍ രണ്ട് മണിക്കൂര്‍ നേരത്തെയാണ് വന്ദേഭാരത് എറണാകുളത്തെത്തുന്നത്. ഷൊര്‍ണൂര്‍ പിന്നിട്ട ശേഷം ട്രെയിന്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കാനായെന്ന് ലോക്കോപൈലറ്റ് പ്രതികരിച്ചിരുന്നു.
ട്രെയിനിന്റെ ഷെഡ്യൂള്‍ റെയില്‍വെ ഉടന്‍ പ്രഖ്യാപിക്കും. ട്രെയിന്‍ പുറപ്പെടുന്ന സമയം,നിരക്ക്, സ്റ്റോപ്പുകള്‍, എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും. ഈ മാസം 25നാണ് പ്രധാനമന്ത്രിനരേന്ദ്രമോദി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.