സീറോ - മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ റിപ്പോര്‍ട്ട് തേടി വത്തിക്കാന്‍. എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഏതെല്ലാം പള്ളികളില്‍ ക്രിസ്മസ് ദിനം മുതല്‍ ഏകീകൃത കുര്‍ബാന ആരംഭിച്ചു എന്നതില്‍ കൃത്യമായ കണക്ക് നേരിട്ട് സമര്‍പ്പിക്കാനാണ് വത്തിക്കാന്‍ അപ്പസ്‌തോലീക്ക് അഡ്മിനിസ്‌ടേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന് നല്‍കിയ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് തയാറാക്കാനുള്ള സര്‍വേ നടപടികള്‍ അതിരൂപത ക്യൂരിയ ആരംഭിച്ചു. അതിരൂപത വികാരി ജനറല്‍ വര്‍ഗീസ് പൊട്ടക്കന്‍, ചാന്‍സിലര്‍ മാര്‍ട്ടിന്‍ കല്ലിങ്കല്‍ എന്നിവരാണ് സര്‍വേ നടപടികള്‍ നടത്തുന്നത്. ഇതിനായുള പ്രത്യേക ഫോമുകള്‍ ഓരോ പള്ളികളിലും എത്തിച്ചു. വികാരിമാര്‍ മറ്റാരെയും അറിയിക്കാതെ ഫോമുകള്‍ പൂരിപ്പിച്ച് വാട്ട്‌സാപ്പ് നമ്പറില്‍ അയയ്ക്കാനാണ് നിര്‍ദ്ദേശം.
ഫോമിന്റെ പകര്‍പ്പ് ദ ഫോര്‍ത്തിന് ലഭിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി മുഖേനേ മാര്‍പാപ്പാക്കും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിനുമായി സമര്‍പ്പിക്കും. ഇതിനു പിന്നാലെ മാര്‍പാപ്പയുമായുള്ള കൂടികാഴ്ചയ്ക്കായി അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ടേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ വത്തിക്കാനിലെത്തും. അതിരൂപതക്കായുള്ള പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസിലും കൂടികാഴ്ചയില്‍ പങ്കെടുക്കും. ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ വത്തിക്കാന്‍ ഉടന്‍ പ്രഖ്യാപിക്കും.
അതേസമയം സീറോ- മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി മാറുന്നു. പല പള്ളികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. അതിരൂപതയിലെ പ്രധാന പള്ളികളില്‍ ഒന്നായ പറവൂര്‍- കോട്ടക്കാവ് തീര്‍ഥാടന കേന്ദ്രത്തില്‍ കുര്‍ബാന നടത്താനാകാതെ അടച്ചു.
കാലടി, താണിപ്പുഴ പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കനത്ത സംഘര്‍ഷം ഉണ്ടായി. കുര്‍ബാന തടസപ്പെടുത്തിയ മാര്‍പാപ്പാ അനുകൂലിയെ വിമതപക്ഷം പോലീസ് സഹായത്തോടെ കീഴടക്കി. തുടര്‍ന്ന് ജനാഭിമുഖ കുര്‍ബാനയാണ് നടന്നത്.