സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക ഇന്ധന നികുതിക്കെതിരായ പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. അധിക നികുതി ബഹിഷ്കരിക്കണമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആഹ്വാനം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. നികുതി അടയ്ക്കാതിരിക്കുകയെന്നത് പ്രായോഗികമല്ലെന്നാണ് വി ഡി സതീശന്റെ വാദം. സതീശന്‍ എതിര്‍പ്പറിയച്ചതോടെ നിലപാട് മയപ്പെടുത്തി കെ സുധാകരന്‍ വീണ്ടും രംഗത്തുവന്നു. പാര്‍ട്ടിയില്‍ ആലോചിച്ച് സമരരീതികളെ കുറിച്ച് തീരുമാനമെടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ പുതിയ നിലപാട്.
കഴിഞ്ഞദിവസമാണ് ഇന്ധനസെസില്‍ വര്‍ധിപ്പിച്ച രണ്ട് രൂപ നല്‍കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആഹ്വാനം ചെയ്തത്. ജനങ്ങള്‍ നികുതി അടയ്ക്കരുതെന്നും എന്ത് പ്രശ്നം വന്നാലും കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി ബഹിഷ്കരിക്കാന്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആഹ്വാനം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു കെ സുധാകരന്റെ ആഹ്വാനം. ഇന്ധന സെസ് കുറയ്ക്കാത്ത മുഖ്യമന്ത്രിയുടെ നടപടി പിടിവാശിയാണെന്നും സര്‍ക്കാരിന്റെ ആര്‍ഭാടത്തിനായാണ് നികുതി വര്‍ധിപ്പിക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനത്തില്‍ എതിര്‍പ്പുണ്ടെന്ന് പരസ്യമാക്കുന്ന വിധമാണ് നികുതി നല്‍കാതിരിക്കുക എന്നത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയത് . ''പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ വര്‍ധിപ്പിച്ച നികുതി നല്‍കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. അതിനെ കളിയാക്കുക മാത്രമാണ് കെ സുധാകരന്‍ ചെയ്തത് . അല്ലാതെ നികുതി നല്‍കേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. അത് പ്രായോഗികമായ കാര്യമല്ല'' - വി ഡി സതീശന്‍ പറയുന്നു.
നികുതി ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തെ കുറിച്ച് അറിയില്ലെന്ന് കഴിഞ്ഞദിവസവും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. നികുതി നല്‍കേണ്ടതില്ലെന്ന പിണറായി വിജയന്റെ 2014ലെ ആഹ്വാനത്തെ താന്‍ തള്ളിക്കളഞ്ഞിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.
ഫെബ്രുവരി 13, 14 തീയതികളിലായാണ് ഇന്ധന സെസിനെതിരെ യുഡിഎഫ് ജില്ലാതലത്തില്‍ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 13ന് വൈകിട്ട് 4 മണിക്ക് ആരംഭിച്ച് 14ന് രാവിലെ 10 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് കോഴിക്കോട് നിര്‍വഹിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ പ്രതിഷേധം 16ലേക്കും ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂരിലെ പ്രതിഷേധം 17ലേക്കും മാറ്റിവച്ചിട്ടുണ്ട്.