എഐ ക്യാമറ പദ്ധതിയിൽ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 57 കോടിക്ക് നടപ്പാക്കേണ്ടിയിരുന്ന പദ്ധതി 150 കോടിക്ക് നടപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു, കണ്‍സോർഷ്യം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അന്വേഷണം നടന്നാല്‍ അവ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണം മുടക്കിയ കമ്പനികൾ പ്രകാശ് ബാബുവിനോട് പണം തിരിച്ചു ചോദിച്ചോ? മന്ത്രി രാജീവ് ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്
"കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും മറ്റ് അനുബന്ധ സാധനങ്ങളും വാങ്ങിയത് വൻ വില നൽകിയാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്‌സ് കമ്പനി അറിയിച്ചിരുന്നു. 45 കോടിയുടെ സാധനങ്ങൾക്ക് 157 കോടിയുടെ പ്രപ്പോസൽ നൽകി. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മീഷനാണ്. പദ്ധതിയിൽ കോടികളുടെ തട്ടിപ്പ് നടന്നു. അന്വേഷണം ആരംഭിച്ചാൽ, ആവശ്യമുള്ള തെളിവുകൾ സമർപ്പിക്കും." സതീശൻ വ്യക്തമാക്കി.
ഈ തട്ടിപ്പിനെപ്പറ്റി അൽഹിന്ദ് കമ്പനി വളരെ മുൻപ് തന്നെ സർക്കാരിനെ അറിയിച്ചിരുന്നെന്ന് വി ഡി സതീശൻ പറയുന്നു. 2021 ഒക്ടോബർ 23ന് വ്യവസായ സെക്രട്ടറിയെ അൽഹിന്ദ് വിവരം ധരിപ്പിക്കുകയും പദ്ധതിയിൽനിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയും ചെയ്തിരുന്നു. പണം മുടക്കിയ കമ്പനികൾ പ്രകാശ് ബാബുവിനോടു പണം തിരിച്ചു ചോദിച്ചോ? മന്ത്രി രാജീവ് ഇക്കാര്യത്തിൽ മറുപടി പറയണമെന്നും സതീശൻ പറഞ്ഞു.
കെ ഫോണിലെ എല്ലാ കരാറുകളും വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാനാണ് എസ്ആർഐടി ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ പദ്ധതിയെ ഒരു എസ്ആര്‍ഐടി പദ്ധതിയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.