ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രഹ്‌മപുരത്ത് ബയോമൈനിങ് നടത്തുന്ന സോണ്ട ഇന്‍ഫ്രാടെക് കരാര്‍ ലംഘിച്ചതിന്റെ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഏഴ് ചോദ്യം ഉയർത്തി രംഗത്തുവരുന്നത്.
ബ്രഹ്മപുരത്തെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് സോണ്ട കമ്പനി നേടിയ കരാർ, ബയോ മൈനിങ് ജോലികൾക്കായി ബ്രഹ്മപുരത്ത് തന്നെയുള്ള അരാഷ് മീനാക്ഷി എന്ന ഉപകരാർ നൽകിയതയാണ് ആരോപണം. 54.9 കോടി രൂപയ്ക്ക് സോണ്ട കമ്പനി നേടിയ കരാറിൽനിന്നു 22.54 കോടി രൂപയ്ക്ക് ഉപകരാർ നൽകിയത്. സോണ്ടയുമായുള്ള കരാര്‍ റദ്ദാക്കാന്‍ കോര്‍പറേഷന് ഇത് മതിയായ കാരണമാണെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈഫ് മിഷൻ, ബ്രഹ്മപുരം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നു. ലൈഫ് മിഷനേക്കാൾ വലിയ അഴിമതിയാണ് നടന്നത്.വിജിലൻസ് അന്വേഷണം കൊണ്ട് കാര്യമില്ല. ലൈഫ് മിഷൻ കേസിലെ അന്വേഷണം പോലെ ബ്രഹ്മപുരത്തെ കേസും സർക്കാർ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് ചോദ്യം
1. പ്രളയത്തിന് ശേഷം 2019-ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലന്റ്സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?
2. കേരളത്തിലെ വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?
3. കണ്ണൂര്‍ കോര്‍പറേഷനിലും സി.പി.എം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി കരാറടക്കം നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?
4. സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോ?
5. ബ്രഹ്‌മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടിസ് നല്‍കാത്തത് എന്തുകൊണ്ട്?
6. കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പ്പറേഷനോ അറിഞ്ഞിരുന്നോ?
7. കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായശേഷവും നോട്ടിസ് നല്‍കുന്നതിന് പകരം സോണ്ടയ്ക്ക് 7 കോടിയുടെ മൊബൈലൈസേഷന്‍ അഡ്വാന്‍സും പിന്നീട് 4 കോടി രൂപയും അനുവദിച്ചത് എന്തിന്?