KERALA

'എ ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹത'; ഇടപാട് പരസ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് വിഡി സതീശന്‍

വെബ് ഡെസ്ക്

സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങള്‍ തടയുന്നതിനായി എഐ ക്യാമറകള്‍ സ്ഥാപിച്ച ഇടപാടില്‍ ദുരൂഹതകള്‍ ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിച്ചത്. 232 കോടി രൂപ മുതല്‍മുടക്കില്‍ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച എഐ ക്യാമറകളുടെ കരാര്‍ സുതാര്യമല്ലെന്നും, ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എഐ ക്യാമറ പദ്ധതിയുടെ നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണിനെ ചുമതലപ്പെടുത്തുന്ന തിരുമാനം സര്‍വീസ് ലെവല്‍ എഗ്രിമെന്റാണ്. മാര്‍ക്കറ്റില്‍ വിവിധ കമ്പനികളുടെ ക്യാമറകള്‍ക്ക് വാറന്റിയും, മൈന്റെനന്‍സും സൗജന്യമായി ലഭിക്കുമ്പോള്‍ ഇതിനായി കൂടുതല്‍ തുക വകയിരുത്തിയതും ഉയര്‍ന്ന നിരക്കില്‍ ക്യാമറ സാമഗ്രികള്‍ വാങ്ങിയതും അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും വിഡി സതീശന്‍ ആരോപിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കണ്‍സള്‍ട്ടന്റായി തെരെഞ്ഞെടുത്ത കെല്‍ട്രോണ്‍ പിന്നീട് കരാര്‍ കമ്പനികളെ തിരഞ്ഞെടുക്കുന്നതും, മെയിന്റനന്‍സ് അടക്കമുള്ള ജോലികള്‍ അധികമായി നല്‍കിയതിലും ദുരൂഹത നിലനില്‍ക്കുകയാണ്. ധനവകുപ്പിന്റെ എതിര്‍പ്പുകളെ മാനിക്കാതെയാണ് കല്‍ട്രോണിനെ ഈ പദ്ധതിയുടെ ചുമതല ഏല്‍പിച്ചത് അഴിമതി നടത്താനാണെന്ന ആക്ഷേപം ബലപ്പെടുത്തുന്നതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

232 കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണുമായി കരാര്‍ ഉണ്ടാക്കി. കെല്‍ട്രോണ്‍ ഈ പദ്ധതിയുടെ കരാര്‍ എസ്ആര്‍ഐടി എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് 151 കോടി രൂപയ്ക്ക് നല്‍കി. പിന്നീട് എസ്ആര്‍ഐടി എന്ന സ്ഥാപനമാക്കട്ടെ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാഡിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കിയത്. ഇതില്‍ നിന്നും എസ്ആര്‍ഐടി എന്ന സ്ഥാപനത്തിന് സ്വന്തമായി ഈ പദ്ധതി നടപ്പിലാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന് വ്യക്തമാണ്.

ഇങ്ങനെ സാങ്കേതിക പരിജ്ഞാനമില്ലാത്ത കമ്പനിക്ക് എന്തടിസ്ഥാനത്തില്‍ കരാര്‍ ലഭിച്ചു എന്നതും അന്വേഷിക്കേണ്ടതുണ്ട്. കെല്‍ട്രോണ്‍ നല്‍കിയ ടെണ്ടറില്‍ ആരൊക്കെ പങ്കെടുത്തെന്നും ഏത് കമ്പനിയെയാണ് തെരഞ്ഞെടുത്തതെന്നും മന്ത്രിസഭ യോഗ കുറിപ്പില്‍ പോലും വ്യക്തമാക്കാത്ത് ജനങ്ങളില്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട. അതിനാല്‍ കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരുവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ സര്‍ക്കാര്‍ പുറത്ത് വിടമമെന്ന് കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ