മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഗുരുതരമായ തട്ടിപ്പാണ് വീണ വിജയന്റെ കമ്പനി നടത്തിയത്. എന്ത് ചോദിച്ചാലും കൈകള്‍ ഉയര്‍ത്തി പരിശുദ്ധമെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രി നിയമസഭയില്‍ വരാതെ ഒളിച്ചോടിയെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
കേരളം കൊളളയടിച്ച് പി വി ആന്‍ഡ് കമ്പനി എന്ന് ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ അനുമതി നല്‍കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. എന്നാല്‍ ചട്ടലംഘനമില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി സഭയില്‍നിന്ന് ഒളിച്ചോടിയെന്ന് പറഞ്ഞ വിഡി സതീശന്‍ എന്ത് ചോദിച്ചാലും മുഖ്യമന്ത്രിക്ക് ഉത്തരമില്ലെന്നും അതാണ് രണ്ട് കൈകളും ഉയര്‍ത്തി പരിശുദ്ധമെന്ന് പറയുന്നതെന്നും ആരോപിച്ചു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വന്നത് ഗുരുതര ആരോപണമാണ്. മുഖ്യമന്ത്രിക്കെതിരെ സഭയിലും പുറത്തും സംസാരിക്കാനാകാത്ത അവസ്ഥയാണ്. ഗൗരവമായ ക്രമക്കേടുകളാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. മുൻപ് കേരളത്തിലെ ഒരു മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് എസ്എഫ്ഒ അന്വേഷണം നടന്നിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.