അട്ടപ്പാടി മധുവധക്കേസിൽ മണ്ണാർക്കാട് എസ് സി-എസ് ടി കോടതി ഇന്ന് വിധി പറയും. മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോഴാണ് വിചാരണ പൂർത്തിയാക്കി കേസിൽ അന്തിമ വിധി പറയാനൊരുങ്ങുന്നത്. 2018 ഫെബ്രുവരി 22 നായിരുന്നു ഇരുപത്തിയേഴുകാരനായ മധുവിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. മധുവിന്റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്റെയും അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്.
പാലക്കാട് അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയത് കേരളം ഞെട്ടലോടെയാണ് കേട്ടത്. കാടിനുസമീപത്തെ മുക്കാലിക്കവലയിലെ കടയിൽനിന്ന് അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ വിചാരണയും ക്രൂര മര്‍ദനവും.
സമീപവാസികളില്‍ ഒരാൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മധുവിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിരുന്നു. ജീപ്പിൽ വച്ച് മധു കുഴഞ്ഞുവീഴുകയും ഛർദിക്കുകയും ചെയ്തതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കും മുൻപ് മധു മരിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര ക്ഷതമായിരുന്നു മരണകാരണം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവർ ചിത്രീകരിക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.
16 പ്രതികളാണ് കേസിൽ ആകെയുള്ളത്. സംഭവം നടന്ന് നാല് വർഷം കഴിഞ്ഞാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. കേസിൽ ആകെയുണ്ടായിരുന്ന 121 സാക്ഷികളിൽ 103 പേരെ വിസ്തരിച്ചെങ്കിലും 24 പേര്‍ വിചാരണയുടെ പല ഘട്ടങ്ങളിലായി കൂറുമാറി. ഇവരിൽ മധുവിന്റെ ബന്ധുക്കളും ഉൾപ്പെടെയുള്ളവർ കൂറുമാറിയവരിൽ പെടുന്നു.
കേസിൽ കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍നിന്നു പിരിച്ചു വിട്ടിരുന്നു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നയാള്‍ പ്രോസിക്യൂഷന് അനുകൂലമായി നല്‍കിയ രഹസ്യമൊഴി തിരുത്തിയതിനായിരുന്നു നടപടി. മധുവിന്റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്റെയും അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്.
ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത് ദേശീയ ശ്രദ്ധ നേടിയതോടെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് അന്നത്തെ പട്ടികജാതി-വർഗ, നിയമവകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചതും പിന്നീട് പി. ഗോപിനാഥിനെ നിയമിച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനം വന്നതും. എന്നാല്‍, കൂടുതല്‍ ഫീസ് നല്‍കാനാകില്ലെന്ന് പറഞ്ഞുകൊണ്ട് ഗോപിനാഥിന്റെ നിയമനം സർക്കാർ റദ്ദാക്കി.
അതിനുശേഷം മണ്ണാർക്കാട് എസ്‍സി-എസ്‍ടി സ്പെഷ്യല്‍ കോടതിയിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് കേസില്‍ ഹാജരായിരുന്നത്. ഈ കോടതിയിലെ വിവിധ കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നയാളാണ് ഇദ്ദേഹമെന്നതിനാല്‍ മധു കേസിലെ വിചാരണയ്ക്ക് പ്രത്യേക ശ്രദ്ധ ലഭിക്കില്ലെന്ന് വിമർശനമുയർന്നു. പിന്നീട് അദ്ദേഹത്തിനുപകരം വി ടി രഘുനാഥ് ചുമതലയേറ്റു. എന്നാല്‍ കൃത്യമായി ഹാജരാകുന്നില്ലെന്ന പരാതി ഉയർന്നതോടെ കേസില്‍ നിന്നൊഴിയാന്‍ രഘുനാഥ് കത്ത് നല്‍കി. ഒടുവില്‍ സി രാജേന്ദ്രനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
വിസ്താരം നടത്താന്‍ തയ്യാറാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രനും നടത്തരുതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും നിലപാടെടുത്തത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. മധുവിന്റെ കുടുംബം ആവശ്യപ്പെട്ട പ്രകാരം വിസ്താരം നിര്‍ത്തിവയ്ക്കണമെന്നും സാക്ഷികളെ വിസ്തരിക്കുന്നതില്‍ വീഴ്ച വന്നാല്‍ കേസിനെ ബാധിക്കുമെന്നുമായിരുന്നു അഡീഷണല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ കോടതിയില്‍ പറഞ്ഞത്. ഏറെ വിവാദങ്ങള്‍ക്കുശേഷമാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായതെങ്കിലും അധികം വൈകാതെ സി രാജേന്ദ്രന് സ്ഥാനമൊഴിയേണ്ടി വന്നു. പകരം രാജേഷ് എം മേനോന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു.