കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പീഡനത്തിനിരയായ കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കേസിൽ 118 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. നിരന്തര സമരത്തിനൊടുവിലാണ് സ്വാഭാവിക നീതിപോലും ലഭിച്ചതെന്ന് അതിജീവിത ആരോപിക്കുന്നു.
2023 മാർച്ച് 18 നാണ് യുവതി പീഡനത്തിന് ഇരയാകുന്നത്. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ ശശീന്ദ്രനെ (55) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു. മൊഴിമാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിതയെ സമീപിച്ച അഞ്ചുപേർക്കെതിരെയും പോലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
തനിക്കെതിരെ നടന്ന ആക്രമണം ആദ്യത്തേതല്ലെന്നും, പ്രതി മുൻപും പലരെയും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അതിജീവിത പറയുന്നു. നീതി ഉറപ്പാക്കുന്നതിൽ മെഡിക്കൽ കോളേജിനും സർക്കാരിനും ഗുരുതര വീഴ്ചയുണ്ടായി. ആരോഗ്യമന്ത്രി വിഷയത്തിൽ കാര്യമായി ഇടപെട്ടില്ല. ഭീഷണിപ്പെടുത്തിയ ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്ത നടപടി വേദനയുണ്ടാക്കി. നീതിക്കായി ഏതറ്റവരെയും പൊരുതുമെന്നും അതിജീവിത പറഞ്ഞു. പോരാട്ടത്തെക്കുറിച്ച് അവർ 'ദ ഫോർത്തി'നോട് സംസാരിക്കുന്നു.