സംസ്ഥാനത്തെ റോഡ് നിർമ്മാണത്തില്‍ വന്‍ അപാകതയെന്ന് വിജിലൻസ് കണ്ടെത്തല്‍. വിജിലന്‍സ് പരിശോധിച്ച 148 റോഡുകളില്‍ 19 എണ്ണത്തില്‍ മതിയായ ടാർ പോലും ഉപയോഗിച്ചിട്ടില്ല. 67 റോഡുകളിൽ കുഴികളുണ്ട്. ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ ഭാഗമായിട്ടായിരുന്നു വിജിലൻസ് പരിശോധന.
തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ മൂന്നു വീതം റോഡുകളും കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ രണ്ട് റോഡുകളിലും പത്തനംതിട്ട, എറണാകുളം, കാസർകോട്, കണ്ണൂർ ജില്ലകളിലെ ഓരോ റോഡിലും നിർമ്മാണം പൂർത്തിയാക്കിയത് മതിയായ ടാർ ഉപയോഗിക്കാതെയാണ്. കൊല്ലത്ത് ഒരു റോഡിൽ റോഡ് റോളർ പോലും ആവശ്യമായ തരത്തിൽ ഉപയോഗിച്ചില്ല. കോഴിക്കോട് നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകം ഒരു റോഡ് പൂർണമായും പൊട്ടിപൊളിഞ്ഞതായും വിജിലൻസ് കണ്ടെത്തി.
പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ച 24 റോഡുകളിലും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റിന്‍റെ ഭാഗമായി നിർമ്മിച്ച 9 റോഡുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിച്ച 115 റോഡുകളിലുമായിരുന്നു വിജിലൻസിന്‍റെ പരിശോധന.
ഓഗസ്റ്റ് 17ന് ഓപ്പറേഷന്‍ സരള്‍ രാസ്ത - 2 എന്ന പേരില്‍ റോഡുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പരിശോധന. നിര്‍മ്മാണം പുരോഗമിക്കുന്നതും പൂര്‍ത്തിയായതുമായ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ ഹെെക്കോടതിയും നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്. വരും ദിവസങ്ങിലും പരിശോധ തുടരുമെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന. പരിശോധന നടത്തിയ റോഡുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തു വന്ന ശേഷം റോഡ് നിർമാണവുമായി ബന്ധപ്പെട്ട കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ റിപ്പോർട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് അറിയിച്ചു.