എഡിജിപി എംആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്‌ഖ് ദർസേവ് സാഹിബ്. നിലമ്പൂർ എംഎല്‍എ പി വി അൻവറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. അനധികൃത സ്വത്തുസമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്തിയേക്കും. ഡിജിപിയുടെ ശുപാർശ സർക്കാർ വിജിലൻസിന് കൈമാറും.
ഐജി തന്റെ മൊഴിയെടുക്കേണ്ടെന്ന് അജിത് കുമാർ ആവശ്യപ്പെട്ടതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നാണ് അജിത് കുമാറിന്റെ ആവശ്യം. ഐജി സ്പർജൻ കുമാറിനെയായിരുന്നു അജിത് കുമാറിന്റെ മൊഴിയെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. ശനിയാഴ്ച എഡിജിപിയുടെ മൊഴി ഡിജിപി നേരിട്ടെടുത്തേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ആരോപണങ്ങള്‍ നേരിടുന്ന എഡിജിപിക്കെതിരെ കടുത്ത നിലപാടാണ് എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ സ്വീകരിച്ചത്. സിപിഐ ഉള്‍പ്പടെ എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന കടുത്ത നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും വഴങ്ങിയില്ല.
എഡിജിപിയെ ഉടന്‍ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനെതിരേ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇടതുമുന്നണി യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
''അന്വേഷണം തീരും വരെ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഒരാള്‍ മറ്റൊരാളെ കാണുന്നതില്‍ എന്താണ് തെറ്റ്. ആരെങ്കിലും നിങ്ങളെ സന്ദര്‍ശിക്കാന്‍ വന്നാല്‍ നിങ്ങള്‍ കാണാതെയിരിക്കുമോ? ഇക്കാര്യത്തില്‍ അന്വേഷണം നടക്കട്ടെ. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്റെയും. ആരോപണം ശരിയാണെങ്കില്‍ ഉറപ്പായും നടപടിയുണ്ടാകും,'' ടിപി വ്യക്തമാക്കി.
എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ മന്ത്രിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതായും സൈബര്‍ സെല്ലില്‍ ഇതിനായി പ്രത്യേക വിഭാഗം പോലും പ്രവര്‍ത്തിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു. ബോംബെ അധോലോകത്തെ കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ദാവൂദ് ഇബ്രാഹിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എം ആര്‍ അജിത്ത് കുമാറെന്നും അൻവർ പറഞ്ഞു.
തിരുവനന്തപുരം കവടിയാറിൽ അജിത് കുമാർ കൊട്ടാരസമാനമായ വീടുപണിയുന്നുവെന്ന് അൻവർ പറഞ്ഞു. സെന്റിന് 70 ലക്ഷത്തിലധികം വിലയുള്ള പത്ത് സെന്റാണ്.
കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത്ത് കുമാർ പണിയുന്നത്. സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ട്. സോളാർ കേസിലെ പ്രതികളിൽനിന്ന് പണം വാങ്ങി നൽകാമെന്ന് അജിത് കുമാർ സരിതയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പരാതിക്കാരി മൊഴി മാറ്റാൻ തയ്യാറായതെന്നും അൻവർ ആരോപിച്ചു.