വിവാഹത്തിന് നാലുദിവസം മുൻപ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയില്‍ നിന്നാണ് മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വിഷ്ണുജിത്തിനെ കണ്ടെത്തിയത്.
നേരത്തേ, കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായെന്ന് കണ്ടെത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ച് പോലീസ് വ്യാപകപരിശോധന നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്.വിഷ്ണു സുരക്ഷിതനാണെന്ന് മലപ്പുറം എസ്പി എസ് ശശിധരൻ അറിയിച്ചു.
വിഷ്ണുവിനെ കാണാതായിട്ട് ഇന്ന് ആറുദിവസം തികഞ്ഞിരുന്നു. ഇന്നലെയാണ് വിഷ്ണുവിന്റെ ഫോണ്‍ കൂനൂരില്‍വെച്ച് ഓണായത്. വിളിച്ചപ്പോള്‍ ഒരുതവണ ഫോണ്‍ എടുത്തുവെന്ന് കുടുംബവും പറയുന്നു. എന്നാല്‍, ഫോണ്‍ അറ്റന്‍ഡ് ചെയ്തത് വിഷ്ണുവിന്റെ സുഹൃത്ത് ശരത്താണെന്നാണ് പറയുന്നത്. അതേസമയം, കഴിഞ്ഞദിവസം ശരത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു.
വിഷ്ണു ശരത്തിന് കോള്‍ ഫോര്‍വേഡ് ചെയ്തതാവാമെന്നാണ് പോലീസിന്റെ നിഗമനം. സെപ്റ്റംബര്‍ നാലിന് രാത്രി 7.45-ന് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണുജിത്ത് കയറുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിലും നടത്തിയിരുന്നു.
സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്. സുഹൃത്തില്‍നിന്ന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോകുന്നതായാണ് വിഷ്ണുജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നത്.