മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു മാപ്പപേക്ഷ. ഗവേണിങ് കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് ആറ് കുട്ടികൾ ഡോ. സി യു പ്രിയേഷിനോട് പരസ്യമായി മാപ്പുപറഞ്ഞത്.
കാഴ്ച്പരിമിതിയുള്ള അധ്യാപകനെ ക്ലാസെടുക്കുന്നതിനിടെ അപമാനിച്ച സംഭവത്തിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ ഉൾപ്പെടെയുള്ള ആറ് വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ പോലീസ് കേസ് എടുത്തിരുന്നില്ല. പരാതിയില്ലെന്ന് അധ്യാപകൻ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുക്കാതിരുന്നത്. പോലീസ് നടപടി വേണ്ടെന്നും കുട്ടികൾ തിരുത്തിയാൽ മതിയെന്നുമായിരുന്നു അധ്യാപകനായ ഡോ.പ്രിയേഷിന്റെ നിലപാട്.
ഡോ. സി യു പ്രിയേഷ് ക്ലാസെടുത്തുകൊണ്ടിരിക്കെ ഒരു വിദ്യാർഥി അദ്ദേഹത്തിന്റെ പുറകിൽ നിൽക്കുന്നതും മറ്റു ചിലർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതിനായി കോളേജ് ആഭ്യന്തര സമിതിയെ നിയോഗിക്കുകയായിരുന്നു. കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. സുജ ടി വി കൺവീനറായ മൂന്നംഗ സമിതിയാണ് സംഭവം അന്വേഷിച്ചത്.