KERALA

മനുഷ്യനില്ലാതെ മുണ്ടക്കൈ, വീടുകള്‍ക്കുള്ളില്‍ മരങ്ങളും ചെളിയും മാത്രം; നോവിന്റെ കാഴ്ചയായി ഗ്രാമം

വെബ് ഡെസ്ക്

ഒരു ദിവസം മുഴുവൻ നിർത്താതെ പെയ്ത മഴക്കൊടുവിലാണ് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ മലവെള്ളം കുത്തിയൊലിച്ച് വന്നത്. ഒരു രാത്രി കൊണ്ട് എല്ലാം പാടെ മാറി മറിഞ്ഞു. രാത്രിയിൽ ഉറക്കത്തിനിടെ ചെളിയും കല്ലും വലിയ ശബ്ദത്തോടെ പതിക്കുമ്പോഴാണ് പലരും ഉരുൾപൊട്ടിയ വിവരം അറിയുന്നത്. ഉറ്റവരെയും ഉടയവരെയും കൂട്ടി രക്ഷപ്പെടാനോ, ഒരു ജീവിതകാലത്തെ സമ്പാദ്യങ്ങളിൽ നിന്ന് എന്തെങ്കിലും കയ്യിലെടുക്കാനോ അവർക്ക് സാധിച്ചു കാണില്ല.

കണ്ണുകാണാത്ത ഇരുട്ടിലും അവർക്ക് കേൾക്കാൻ സാധിച്ചത് പ്രിയപെട്ടവരുടെ നിലവിളികൾ മാത്രമായിരിക്കണം. ഒടുവിൽ ദുരന്തമുണ്ടായി ഒരു ദിവസത്തിന് ശേഷം രക്ഷാപ്രവർത്തകർ മുണ്ടക്കൈലെത്തുമ്പോൾ അവിടെ ചെളിയും പാറക്കല്ലുകളും കടപുഴകിയ മരങ്ങളും കാണാം. അങ്ങിങ്ങായി ഉടമകളെ തേടിയലയുന്ന കുറച്ച് വളർത്തു മൃഗങ്ങൾ. അതെ, ഉരുൾപൊട്ടലിൽ ഭീകരത വിവരിക്കാൻ മുണ്ടക്കൈയിൽ മനുഷ്യരുണ്ടായിരുന്നില്ല.

ഏകദേശം അഞ്ഞൂറ് വീടുണ്ടായിരുന്നു മുണ്ടക്കൈയിൽ എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്ന് പക്ഷെ അവിടെ കാണാനാവുക 20നും 30 നും ഇടയിൽ വീടുകൾ മാത്രം.

രണ്ടാം ദിനം മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർ എത്തുമ്പോൾ കാണുന്ന കാഴ്ച അതിഭീകരമാണ്. പൂർണ്ണമായും തകർന്നടിഞ്ഞ വീടുകളും വാഹനങ്ങളും മാത്രമാണ് അവിടെ അവശേഷിക്കുന്നത്. ഉരുൾപൊട്ടലിൽ രൂപപ്പെട്ട മൺകൂനകളും അങ്ങിങ്ങായി കാണാം. ഈ മൺകൂനകൾ ഇളക്കി നോക്കികഴിയുമ്പോൾ മാത്രമേ അവിടെയുണ്ടായിരുന്ന വീടുകളെയും ആളുകളെയും കുറിച്ച് അറിയാൻ സാധിക്കുകയുള്ളു. ബാക്കിയുള്ള വീടുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. പത്തും ഇരുപതും മൃതദേഹങ്ങൾ ഒരേ വീട്ടിൽ. രക്ഷ തേടി സ്വന്തം വീടുപേക്ഷിച്ച് വന്നരാകാം ഇതിൽ മിക്കവാറും. കസേരയിൽ ഇരിക്കുന്ന രൂപത്തിലാണ് ഒരു വീട്ടിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചത്. ഇങ്ങനെ മരണസംഖ്യ ഓരോ നിമിഷത്തിലും വലിയ രൂപത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്.

രണ്ട് നില വീടുകളോളം വലിപ്പമുള്ള വലിയ പാറക്കല്ലുകൾ. അങ്ങനെയുള്ള നൂറുകണക്കിന് പാറക്കല്ലുകളാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകർക്ക് കാണാനായത്. തേയിലത്തോട്ടങ്ങൾ രണ്ടായി പിളർത്തി ആർത്തിരമ്പിയെത്തിയ മണ്ണും ചെളിയും മരങ്ങളും മുണ്ടക്കൈ ഗ്രാമത്തെ ആകെ കോരിയെടുത്ത് ഒപ്പം കൊണ്ടുപോവുകയായിരുന്നു.

കഴിഞ്ഞ ദിവസം മുണ്ടക്കൈയിൽ നിന്ന് സഹായമഭ്യർത്ഥിച്ച് വിളിച്ച യുവതി മാധ്യമങ്ങളോട് പറഞ്ഞത് പോലെ, മുണ്ടക്കൈയിൽ ഇനി ഒന്നും ബാക്കിയില്ല. മുൻപിൽ കാണുന്നത് ഒരു മരുഭൂമിയാണ്. കിലോമീറ്ററുകളോളം അപ്പുറത്ത് നിന്ന് മുണ്ടക്കൈയിൽ നിന്നുള്ള മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്ക് ലഭിക്കുന്നത്. ദുരന്തത്തിന്റെ ഭയാനകത ചെറിയ വാക്കുകളിൽ പറഞ്ഞാൽ അത്രത്തോളമാണ്.

ഉറ്റവരെയും ഉടയവരെയും തേടി ആശുപത്രികളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും അലയുന്ന ആളുകളുടെ ദൃശ്യങ്ങളും ഉള്ളുലക്കുന്നതാണ്. ഇന്നലെ രാത്രി മുതൽ മേപ്പാടി ആശുപത്രിയിൽ മൃതദേഹങ്ങൾ കാത്തിരിക്കുകയാണ് യൂനുസ് എന്ന പ്രദേശവാസി. തന്റെ ഉറ്റസുഹൃത്തിനെയും കുടുംബത്തെയും ആണ് അദ്ദേഹം തേടുന്നത്. ഓരോ മൃതദേഹം എത്തുമ്പോഴും തന്റെ സുഹൃത്തോ കുടുംബമോ അതിൽ ഉണ്ടോ എന്ന് യൂനുസ് പരതും.

ഒടുവിൽ ഇന്നലെ രാത്രിയോടെ നിലമ്പൂരിൽ നിന്ന് യൂനുസിന് ഒരു സന്ദേശം ലഭിച്ചു. പ്രിയസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിന്റെ ചിത്രമായിരുന്നു അത്. സുഹൃത്തിന്റെ കുടുംബത്തിലെ മറ്റുള്ളവർ എവിടെയെന്ന് യൂനുസിനിപ്പോഴും അറിയില്ല. എവിടെപ്പോയി തിരയണമെന്നും. യൂനുസിനെപ്പോലെ അനവധി മനുഷ്യർ ആശുപത്രി വരാന്തകളിൽ നിലവിളികളുമായി നടക്കുകയാണ്. പ്രിയപ്പെട്ടവരെ തിരികെക്കിട്ടാൻ എന്ത് ചെയ്യണമെന്ന് അവർക്ക് അറിയില്ല.

രക്ഷാപ്രവർത്തകരുടെയും സൈന്യത്തിന്റെയും കരങ്ങൾ ഇനിയും എത്തിയിട്ടില്ലാത്ത പ്രദേശങ്ങൾ നിരവധിയാണ്. എത്ര പേർ സഹായം കത്ത് കിടക്കുന്നെന്നോ, എത്ര പേർ ജീവനറ്റ് കിടക്കുന്നെന്നോ ആർക്കും അറിയില്ല. രണ്ടാം ദിനം നമ്മൾ കാണുന്നത് ഇന്നലെ കണ്ടതിനേക്കാൾ ഭയാനകമായ കാഴ്ചകളാണ്. പൂർണമായ രക്ഷാപ്രവർത്തങ്ങൾ കഴിയുമ്പോഴേക്കും കേരളം കണ്ടതിൽ വെച്ച ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാവും ചൂരൽമല ഉരുൾപൊട്ടൽ.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം